ചാരുംമൂട്: ശബരിമല തീർഥാടകരുടെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽ ട്രാൻസിറ്റ് പദ്ധതി അന്തിമ അനുമതിക്കായി കാത്തിരിക്കുന്നു. റെയിൽപ്പാത യാഥാർഥ്യമായാൽ ശബരിമല തീർഥാടകരുടെ യാത്രകൾ കൂടുതൽ സൗകര്യമാക്കി പരിസര പ്രദേശങ്ങളിലെ ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ പ്രവർത്തനാധികാരം സതേൺ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനാണ് കൈകാര്യം ചെയ്യുന്നത്. 6480 കോടി രൂപയുടെ ആകെ ചെലവിലാണ് പദ്ധതി ആരംഭിക്കുന്നത്, എന്നാൽ, 7208.24 കോടി രൂപയാകുമെന്ന് പൂർത്തിയാകുമ്പോഴുള്ള ചെലവിന്റെ കണക്ക്. 126.16 കിലോമീറ്റർ നീളമുള്ള പുതിയ ഇരട്ടപ്പാതയിലൂടെ സഞ്ചരിക്കുന്ന തീവണ്ടിയുടെ പരമാവധി വേഗം 200 കിലോമീറ്റർ/മണിക്കൂർ ആയിരിക്കും.
ഇതിന്റെ നിർമാണം പൂർത്തിയാക്കാൻ അഞ്ചു വർഷമെങ്കിലും എടുക്കുമെന്ന് കരുതപ്പെടുന്നു. 14.34 കിലോമീറ്റർ നീളമുള്ള 20 തുരങ്കങ്ങളും 14.523 കിലോമീറ്റർ നീളമുള്ള 22 പാലങ്ങളും ഉൾപ്പെടുന്ന ഈ പദ്ധതിക്ക് 213.687 ഹെക്ടർ ഭൂമി ആവശ്യമായതിനാൽ, അനുബന്ധ ഭൂമിയിടപാടുകൾക്കും പരിസ്ഥിതി പ്രതിരോധ നടപടികൾക്കും പ്രത്യേകം ശ്രദ്ധ വേണ്ടിവരും.
തീര്ഥാടകരുടെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള ഈ പദ്ധതിയിലൂടെ ചെങ്ങന്നൂർ, ആറന്മുള, വടശേരിക്കര, സീതത്തോട്, പമ്പ എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റേഷനുകൾ സ്ഥാപിക്കപ്പെടുന്നത്. പ്രധാനമായും ശബരിമല തീർഥാടകർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ലക്ഷ്യമിട്ടാണ് പദ്ധതി.
നിലവിലെ റോഡ് മാർഗം തിരക്കേറിയതും യാത്രക്കാർക്ക് സമയനഷ്ടം ഉണ്ടാക്കുന്നതുമായതിനാൽ, ഈ പുതിയ റെയിൽ പാത തീർഥാടനയാത്ര എളുപ്പമാക്കാൻ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇടപെടൽ നടത്തും: കൊടിക്കുന്നിൽ സുരേഷ് എംപി
ചാരുംമൂട്: റെയിൽവേ ബോർഡിന്റെയും കേന്ദ്രമന്ത്രിസഭയുടെയും അന്തിമാനുമതി ലഭിക്കുന്നതോടുകൂടി പാതയുടെ സ്ഥലം ഏറ്റെടുപ്പും നിർമാണപ്രവർത്തനങ്ങളും ആരംഭിക്കുമെന്നും നടപടികൾ വേഗത്തിലാക്കാൻ ഇടപെടൽ നടത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
പദ്ധതി പൂർത്തിയാകുന്നതോടെ ശബരിമല തീർഥാടകർക്ക് യാത്ര സുഗമമാകുകയും റോഡുകളിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കുകൾ കുറയുകയും ചെയ്യുമെന്നും എംപി വ്യക്തമാക്കി.