പത്തനംതിട്ട: പത്തനംതിട്ട – ചെങ്ങന്നൂർ റൂട്ടിലെ കെഎസ്ആർടിസി ചെയിൻ സർവീസുകൾ നിലച്ചു. 15 വർഷമായി നടത്തിവന്ന ചെയിൻ സർവീസ് കെഎസ്ആർടിസി നിർത്തലാക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി. പത്തനംതിട്ട ജില്ലയിലെ നല്ലൊരു വിഭാഗം ആളുകളും ആശ്രയിച്ചുവരുന്ന ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട ബസ് സർവീസുകൾ കൂടിയാണ് ഇതോടെ ഇല്ലാതായത്.പുലർച്ചെ നാലു മുതൽ രാത്രി ഒന്പതു വരെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പത്തനംതിട്ടയിലേക്കു ബസുകൾ ലഭിച്ചിരുന്നു.
കെഎസ്ആർടിസി റൂട്ടിൽ നിന്നു പിൻമാറിയതോടെ പുലർച്ചെയും രാത്രിയിലുമെത്തുന്ന തീവണ്ടി യാത്രക്കാരാണ് ദുരിതത്തിലായത്. പകൽ സമയത്തും സ്വകാര്യബസുകളുടെ കുത്തക റൂട്ടിൽ യാത്രക്കാർക്കു ദുരിതമാണ്. സ്വകാര്യബസുകൾ കൃത്യത പാലിക്കാത്തതിനാൽ ട്രെയിൻ യാത്രക്കാർക്ക് പലപ്പോഴും ബുദ്ധിമുട്ടുകളേറുന്നു.ചെങ്ങന്നൂർ, പത്തനംതിട്ട ഡിപ്പോകളിൽ നിന്നായി 13 ബസുകളാണ് ചെയിൻ സർവീസിനുണ്ടായിരുന്നത്.
ഇവ വെട്ടിക്കുറിച്ച് മൂന്ന് ഷെഡ്യൂളുകളിൽ എത്തിയിരുന്നു. രണ്ടുദിവസമായി ഇവയും ഓടുന്നില്ല. ശബരിമല സ്പെഷൽ സർവീസുകൾ കൂടി ഇല്ലാതാകുന്നതോടെ ചെങ്ങന്നൂർ – പത്തനംതിട്ട റൂട്ട് വീണ്ടും സ്വകാര്യബസുകളുടെ കുത്തകയായി മാറും. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കെഎസ്ആർടിസി പത്തനംതിട്ട ചെയിൻ സർവീസുകൾ നടത്തിയിരുന്നത്. തീവണ്ടികളിലെത്തുന്ന യാത്രക്കാരായിരുന്നു ഇവയുടെ ഗുണഭോക്താക്കളേറെയും.
രാത്രികാല തീവണ്ടികളിലെത്തുന്നവർക്കും പുലർച്ചെയുള്ള തീവണ്ടികൾക്ക് യാത്ര ചെയ്യുന്നവർക്കും പ്രയോജനപ്പെടുന്ന സമയക്രമമാണ് ചെയിൻസർവീസുകൾക്കുണ്ടായിരുന്നത്. സാമാന്യം മെച്ചപ്പെട്ട വരുമാനത്തോടെ സർവീസ് നടത്തിവന്ന ബസുകൾ ഇടമുറിഞ്ഞതോടെ വരുമാനത്തിലും കുറവുണ്ടായി. ഇതോടെ പ്രതിദിന വരുമാനം 10,000 രൂപയിൽ താഴെയാണെന്നു പറഞ്ഞാണ് ബസുകൾ നിർത്തിതുടങ്ങിയത്.
ശബരിമലയിലെ വിശേഷാൽ ദിവസങ്ങളിൽ നട തുറക്കുന്പോഴെത്തുന്ന ഇതര സംസ്ഥാനക്കാർക്കും ചെയിൻ സർവീസുകളായിരുന്നു ശരണം. പത്തനംതിട്ടയിലെത്തി പന്പയിലേക്ക് യാത്ര തുടരാൻ കെഎസ്ആർടിസി ബസുകളെയാണ് ആശ്രയിച്ചിരുന്നത്.
പത്തനംതിട്ട ജില്ലയുടെ റെയിൽവേ സ്റ്റേഷനായ തിരുവല്ലയിലേക്ക് ബസ് യാത്രാ സൗകര്യം ഇല്ലാത്തതിനാൽ കിഴക്കൻ മേഖലയിൽ നിന്നുള്ളവരും പത്തനംതിട്ട, കോഴഞ്ചേരി, റാന്നി പ്രദേശങ്ങളിലുള്ളവരും ചെങ്ങന്നൂരിലേക്കാണ് പോകുന്നത്. ഇവരെയാകെ ബുദ്ധിമുട്ടിലാക്കുന്ന സമീപനമാണ് കഐസ്ആർടിസി സ്വീകരിച്ചിരിക്കുന്നത്.ട്രെയിനുകളുടെ സമയത്തിന് അനുസൃതമായി സ്വകാര്യബസുകളെ ആശ്രയിക്കാൻ കഴിയാത്ത സാഹചര്യമാണ്. അതുകൊണ്ടുതന്നെ യാത്രക്കാർക്ക് സമയനഷ്ടവും ഏറെയാണ്.