ചെങ്ങന്നൂര്‍: ശബരിമലയുടെ ഇടത്താവളമായ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിനുള്ളിലെ ഓടയില്‍ നിന്ന് അസഹനീയ ദുര്‍ഗന്ധം വമിക്കുന്നതില്‍ ഭക്തജന പ്രതിഷേധം ശക്തമാകുന്നു. ഇതു സംബന്ധിച്ച് ഒരു വര്‍ഷം മുന്‍പ് ദേവസ്വം ബോര്‍ഡ് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നാളിതുവരെ യാതൊരുവിധ നടപടികളും കൈകൊണ്ടിട്ടില്ലന്ന് ഉപേദേശക സമതി ഭാരവാഹികള്‍ പറയുന്നു.
ദേവസ്വത്തിലെ തിടപ്പള്ളിയില്‍ നിന്നുള്ള മലിനജലവും നാലമ്പലത്തിനുള്ളില്‍ നിന്നുള്ള അഭിഷേക ജലവുമുള്പ്പടെ ക്ഷേത്ര നാലമ്പലത്ത് ചുറ്റിയുള്ള ഓടയിലൂടെയാണ് തെക്കുഭാഗത്തുള്ള വലിയ ഓടയിലേക്ക് എത്തുന്നത്. എന്നാല്‍ നാലമ്പലം ചുറ്റിയുള്ള ഓടയിലെ നിര്‍മാണത്തിലെ അപാകതമൂലം ഇവിടെ മലിന ജലം കെട്ടികിടന്നാണ് ദുര്‍ഗന്ധമുണ്ടാകുന്നതെന്ന് പറയുന്നു.
ഒരു വര്‍ഷം ഒന്‍പത് ലക്ഷത്തില്‍ കുറയാത്ത വരുമാനമാണ് ദേവസ്വം ബോര്‍ഡിന് ഈ ക്ഷേത്രത്തില്‍നിന്നു ലഭിക്കുന്നതെന്ന് ഉപദേശക സമിതി ഭാരവാഹികള്‍ പറയുന്നു. മണ്ഡലകാലം ആരംഭിക്കുമ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുള്‍പ്പടെ നിരവധിപ്പേര്‍ അമ്പലത്തില്‍ എത്തിച്ചേരുമെന്നും അതിനു മുന്നോടിയായി അടിയന്തരമായി ഓടയില്‍ നിന്നുമുള്ള ദുര്‍ഗന്ധം മാറ്റുന്നതിന് വേണ്ട നടപടികള്‍ കൈകൊള്ളണമെന്നും ആവശ്യപ്പെട്ട് ഉപദേശകസമതി സെക്രട്ടറി വൈശാഖന് എം. എച്ച്, ഓഡിറ്റര്‍ സനല്‍കുമാര്‍, വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍, മെമ്പര്‍മാരായ ഷാജി വേഴാപറമ്പില്‍, സതിഷ്കുമാര്‍, ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ദേവസ്വം ഓഫീസില്‍ ധര്‍ണ നടത്തുകയും ദേവസ്വം അസിസ്റ്റന്റ് എന്‍ജിനീയര്‍ സനലുമായി ചര്‍ച്ചനടത്തുകയും ചെയ്തു.
പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിച്ചില്ലെങ്കില്‍ ഭക്തജനളെയും ഉള്‍പ്പടുത്തി തിരുവിതാംകൂര്‍ ദേവസ്വം ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഉപദേശകസമതി ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ ശോചനീയ അവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം ഭക്തജനങ്ങളുടെ വലിയ പ്രതിഷേധം ഉണ്ടാകുമെന്ന് ശബരീശ്വര സേവാ സമിതി അറിയിച്ചു.
ഭാരവാഹികളായ പ്രസിഡന്റ് ബിനുകുമാര്‍, സെക്രട്ടറി പി.കെ. ദിലീപ്, വെസ് പ്രസിഡന്‍് മനോജ് പിള്ള, വിവേക്, ബിനു കെ. പിള്ള എന്നിവര്‍ പറഞ്ഞു.ഓട ക്ലീന്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മൂന്നു പ്രാവശ്യം ടെന്‍ഡര്‍ വിളിച്ചെന്നും മൂന്നാം ടെന്‍ഡറില്‍ പണി പൂര്ത്തിയാക്കാക്കാന് കരാറുകാരന് മുന്നോട്ട് വന്നിട്ടുണ്ടെന്നും ദേവസ്വം അസിസ്റ്റന്റ് എന്‍ജിനിയര്‍ സനല്‍ പറഞ്ഞു.