ചെങ്ങന്നൂർ: നല്ല നിലയിൽ പ്രവർത്തിച്ചു വന്ന നഗരസഭയുടെ അഗതിമന്ദിരം പൂട്ടിക്കാൻ സിപി എമ്മും നഗരസഭാ സെക്രട്ടറിയും ചേർന്ന് ഒത്തുകളിക്കുയാണെന്ന് നഗരസഭ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ് പത്രസമ്മേളനത്തിൽ പറഞ്ഞു.
2020 ഒക്ടോബർ രണ്ടിന് പ്രവർത്തനമാരംഭിച്ച അഗതിമന്ദിരം കൗൺസിലിന്റെ അനുമതിയോടെ എല്ലാ നിയമങ്ങളും പാലിച്ചാണ് ആറാം വാർഡ് വാഴാർ മംഗലത്ത് ആരംഭിച്ചത്.
മഹാത്മാ ജനസേവന കേന്ദ്രത്തെ അഗതിമന്ദിരത്തിന്റെ ചുമതല ഏൽപ്പിക്കാൻ 2020 ജൂലൈ ഒന്പതിന് ചേർന്ന കൗൺസിൽ യോഗം ഐക്യകണ്ഠേന തീരുമാനമെടുക്കുകയും ബൈലോ തയ്യാറാക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനിടയിൽ തയ്യാറാക്കിയ ബൈലോ 27 കൗൺസിലർമാർക്കും വിതരണം ചെയ്തു.
2020 ജൂലൈ 23ന് ചേർന്ന കൗൺസിൽ യോഗം നേരത്തെ തയ്യാറാക്കി നൽകിയ ബൈലോ ഭേദഗതികളോടെ അംഗീകരിക്കുകയായിരുന്നു. ഇതേ തുടർന്ന് സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള അഗതിമന്ദിരങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് നടത്തിപ്പിനായി നൽകിയിട്ടുള്ള അതേ മാനദണ്ഡം പാലിച്ചാണ് വിട്ടു നൽകിയിട്ടുള്ളത്.
നടത്തിപ്പിനായി നഗരസഭ ഒരു രൂപ പോലും അനുവദിക്കുന്നുമില്ല.അഗതി മന്ദിര നടത്തിപ്പിനായുളള എല്ലാ ചെലവും മഹാത്മാ ജനസേവന കേന്ദ്രമാണ് വഹിക്കുന്നത്. അഗതിമന്ദിരത്തിൽ ഒന്നര മാസം മാത്രം താമസിച്ച കല്യാണിയമ്മ എന്ന 92 കാരിയുടെ പരാതിയുമായി 10 മാസങ്ങൾക്കു ശേഷം വന്നത് മന:പൂർവമായാണ്.
പരാതി വ്യാജമാണെന്നു തെളിഞ്ഞതോടെ പഴയ പരാതി മാറ്റി. നേരത്തെ പെൻഷൻ തട്ടിയെടുത്തു എന്നു പറഞ്ഞത് ഇപ്പോൾ ഫയലില്ല. കഴിഞ്ഞ ദിവസം അടിയന്തര കൗൺസിൽ യോഗത്തിൽ യോഗം അവസാനിക്കാറായ സമയത്താണ് ഇതു സംബന്ധിച്ച ഡ്യൂപ്ലിക്കേറ്റ് ഫയൽ സെക്രട്ടറി എത്തിച്ചത്.
കൗൺസിൽ യോഗം അവസാനിച്ച ഉടനെ സെക്രട്ടറി ചെയർ പേഴ്സണിന്റെ പക്കൽ നിന്നും ഫയൽ തട്ടിയെടുത്തു സ്വന്തം കാബിനിലേക്ക് പോവുകയായിരുന്നു. കൗൺസിൽ യോഗം വ്യാജ പരാതിക്കെതിരെ പോലീസിലും വിജിലൻസിലും പരാതി നൽകാൻ തീരുമാനിച്ചു. സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരോട് വിശദീകരണം തേടുന്നതിനും നിയമ നടപടി സ്വീകരിക്കുന്നതിനും കൗൺസിൽ തീരുമാനിച്ചിരുന്നു.
കല്യാണിയമ്മയുടെ വീട്ടിൽ വൈദ്യുതി കണക്ഷൻ എത്തിക്കാം എന്ന വ്യാജേന സെക്രട്ടറി ഉദ്യോഗസ്ഥരെ പറഞ്ഞു വിട്ട് പരാതിയിൽ കൈവിരൽ പതിപ്പിക്കുകയായിരുന്നു. സെക്രട്ടറിക്ക് അനുകൂലനിലപാട് സിപിഎം എടുക്കുന്നതിൽ ദുരൂഹതയുണ്ട്. അഗതിമന്ദിരത്തിനെതിരേ സിപിഎം നടത്തിയ സമരം സെക്രട്ടറി സ്പോൺസേർഡ് സമരമാണ്.
കഴിഞ്ഞ വർഷം മികച്ച രീതിയിലുള്ള നടത്തിപ്പിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയ അഗതിമന്ദിരം നടത്തിപ്പുകാർക്കെതിരെ ഇടതു സർക്കാരിന് നേതൃത്വം നൽകുന്ന സിപിഎം തന്നെ സമരവുമായി രംഗത്തു വരുന്നത് വിചിത്രമാണ്.
വാർഡ് കൗൺസിലറായ ജോസ് കൃത്യമായി അഗതിമന്ദിരത്തിന്റെ ദൈനം ദിന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന വ്യക്തിയാണ്.
ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് വാർഡ് കൗൺസിലർ കൂടിയായ ജോസ് കൗൺസിൽ യോഗത്തിൽ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. സെക്രട്ടറി ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് സമാനമായി കരാർ പോലും വെയ്ക്കാത്ത ജനകീയ ഹോട്ടലും അടച്ചുപൂട്ടാനുള്ള ശ്രമമാണ് നടക്കുന്നത്.
ഏതു നിയമപ്രശ്നങ്ങളും പരിഹരിക്കേണ്ട സെക്രട്ടറി ഇല്ലാത്ത നിയമപ്രശ്നങ്ങളുടെ പേരു പറഞ്ഞ് ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും അപമാനിക്കുകയാണ്.
കൗൺസിൽ യോഗത്തിൽ പറയേണ്ട കാര്യങ്ങൾ പോലും പറയാതെ ആദ്യം മാധ്യമ പ്രവർത്തകർക്ക് വ്യാജ വാർത്തകൾ നൽകി നഗരസഭയെ അവഹേളിക്കുകയാണ്.പത്രസമ്മേളനത്തിൽ കൗൺസിലർമാരായ ജോസ് , കെ.ഷിബു രാജൻ, റിജോ ജോൺ ജോർജ് എന്നിവർ പങ്കെടുത്തു.