ഡൊമനിക് ജോസഫ്
മാന്നാർ: ചെങ്ങന്നൂർ മണ്ഡലത്തിൽ ഉപതെരെഞ്ഞെടുപ്പിനുള്ള അങ്കതട്ട് തയാറാകുന്നതിന്റെ ഭാഗമായി ഉദ്ഘാടന മാമാങ്കം പൊടിപൊടിക്കുന്നു. മൂന്ന് മുന്നണികളും ഉദ്ഘാടന മാമാങ്കം കൊഴിപ്പിക്കുന്നതിന് കളമൊരുക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങൾ ലഭിച്ചത് എൽഡിഎഫിനാണ്.
മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ പ്രാദേശിക വികസനഫണ്ടിൽ അനുവദിച്ച പദ്ധതികളുടെയും കഴിഞ്ഞ ബജറ്റിൽ അനുവദിച്ച വിവിധ പദ്ധതികളുടെയും നിർമാണോദ്ഘാടനങ്ങളും,കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച് ഇപ്പോൾ പൂർത്തിയായ പദ്ധതികളുടെ ഉദ്ഘാടനങ്ങളുമാണ് തകൃതിയായി നടന്ന് വരുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ വരുമെന്നതിനാൽ അതിന് മുന്പായി ഉദഘാടനങ്ങൾ പൂർത്തിയാക്കുവാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
മണ്ഡലത്തിലെ ഭൂരിപക്ഷം ഉദ്ഘാടനങ്ങളും നടത്തിയത് മന്ത്രി ജി.സുധാകരനാണ്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ മുഖ്യ ചുമതലക്കാരൻ കൂടിയാണ് ജി.സുധാകരൻ. ചെങ്ങന്നൂർ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഒരു പദ്ധതിയുടെയെങ്കിലും ഉദ്ഘാടനം ഇതിനോടകം നടത്തി കഴിഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതികളിൽ പൂർത്തിയായവയുടെ ഉദ്ഘാടന ചടങ്ങുകളിൽ മുൻ എംഎൽഎ പി.സി.വിഷ്ണുനാഥിനെ പങ്കെടുപ്പിക്കുകയും ചിലയിടങ്ങളിൽ പങ്കെടുപ്പിക്കാതിരുന്നതും ഏറെ വിവാദങ്ങൾക്ക് തിരിതെളിച്ചു.
ആലാ ഹയർസെക്കന്ററി സ്കൂൾ കെട്ടിടം, മാന്നാർ മിനി സിവിൽ സ്റ്റേഷൻ, മാന്നാർ-ഹരിപ്പാട് റോഡ്, ബുധനൂർ കൂട്ടംപേരൂർ ആറിന്റെ സർവേ, മാന്നാർ-വീയപുരം റോഡിന്റെ നിർമാണോദ്ഘാടനം തുടങ്ങി നിരവധി ഉദ്ഘാടനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേരിയത്. ചെങ്ങന്നൂരിൽ പാസ്പോർട്ട് സേവാകേന്ദ്രം അനുവിച്ചതിന്റെ ഉദ്ഘാടനവും നടന്നു. കൊടിക്കുന്നിൽ സുരേഷ് എംപി മുൻകൈയെടുത്താണ് പാസ്പോർട്ട് കേന്ദ്രം സ്ഥാപിച്ചത്.
ഇത് സംബന്ധിച്ച് വ്യാപക പോസ്റ്ററുകളും മണ്ഡലത്തിൽ ഒട്ടിച്ചു. എന്നാൽ ബിജെപി കേന്ദ്ര സർക്കാരിൽ സമ്മർദം ചെലത്തിയാണ് പാസ്പോർട്ട് കേന്ദ്രം കൊണ്ടുവന്നതെന്ന വാദമുയർത്തി ബിജെപിയും രംഗത്തുണ്ട്. മുൻ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ പദ്ധതികളാണ് ഇപ്പോൾ മന്ത്രി ഓടി നടന്ന് ഉദ്ഘാടനം നടത്തുന്നതെന്ന് ആരോപിച്ച് കോണ്ഗ്രസ് നേതൃത്വവും രംഗത്ത് വന്നിട്ടുണ്ട്.
എന്നാൽ പദ്ധതി കൊണ്ടുവരുന്നതിലല്ല അത് പൂർത്തീകരിക്കുന്നതിലാണ് കാര്യമെന്ന തരത്തിലാണ് സിപിഎം പ്രതികരണം. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനായി മുന്നണികൾ എല്ലാം സജ്ജമായിരിക്കുന്പോഴാണ് ഉദ്ഘാടനങ്ങളെ ചൊല്ലി വിവാദങ്ങളും വാദപ്രതിവാദങ്ങളും ഉയർന്നിരിക്കുന്നത്. മുന്നണികൾ സ്ഥാനാർഥികളെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എൽഡിഎഫും ബിജെപിയും സ്ഥാനാർഥികളെ തീരുമാനിച്ച് കഴിഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി സംബന്ധിച്ച് ധാരണയായെങ്കിലും ഒൗദ്യോഗികമായി ഇനിയും തീരുമാനിച്ചിട്ടില്ല. ഇനിയുളള ദിനങ്ങൾ ചെങ്ങന്നൂരിന് പോരാട്ടത്തിന്റെ ചൂടൻ നാളുകളാണ്. ഏത് വിധേനയും സ്ഥാനാർഥികളെ വിജയിപ്പിക്കുവാൻ മൂന്ന് മുന്നണികളും കിണഞ്ഞ് പരിശ്രമിക്കും. ഇതിന്റെ തുടക്കമാണ് ഉദ്ഘാടനങ്ങളും ബഹിഷ്ക്കരണങ്ങളും വാദപ്രതിവാദങ്ങളുമായി ചെങ്ങന്നൂർ നിറയുന്നത്