ഡൊമനിക് ജോസഫ്
തോപ്പിൽ ചന്തമുതൽ എണ്ണയ്ക്കാട്, ഉളുന്തി ഗ്രാമം വരെ ചിതറിക്കിടക്കുന്ന ഭൂപ്രദേശമാണ് ബുധനൂർ.ഒരു കാലത്ത് കാർഷിക മേഖലയ്ക്കും ഇഷ്ടിക വ്യവസായത്തിനും പേരുകേട്ട സ്ഥലമായിരുന്നു ബുധനൂർ.പാടശേഖരങ്ങളിൽ നിന്ന് ഇഷ്ടികയ്ക്കായി ചെളിയെടുത്തതോടെ കാർഷിക മേഖല ഇല്ലാതായി.ചെളിയെടുക്കുവാൻ സ്ഥലങ്ങൾ ഇല്ലാതായതോടെ ഇഷ്ടിക വ്യവസായവും നിലച്ചു.
പിന്നീട് പാടശേഖരങ്ങൾ കുഴിച്ച് മണൽ ഖനനം നടത്തിയതോടെ പാടശഖരങ്ങൾ ഇല്ലാതായി. പാടശഖരങ്ങൾ വൻ കുഴികളായിമാറി. ഈ സ്ഥലങ്ങളൊക്കെ യാതൊരു പ്രയോജനവുമില്ലാത്ത ഗർത്തങ്ങൾ ആയി കിടക്കുകയാണ്. ഈ സ്ഥലങ്ങൾ ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുന്ന പദ്ധതികൾ തയ്യാറാക്കണം.
ബുധനൂരിനെ അടുത്ത നാളിൽ പ്രധാനമന്ത്രിയുടെ വരെ അഭിനന്ദനം ഏറ്റു വാങ്ങിയ പദ്ധതിയാണ് കുട്ടംപേരൂർ ആറിന്റെ നവീകരണം.ഒന്നാം ഘട്ടം മാത്രമാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.പായലും പോളയും നിറഞ്ഞ് നീരൊഴുക്ക് ഇല്ലാതെ കിടന്ന കുട്ടംപേരൂരാറ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായിച്ചാൽ ഈ ആറ് വലിയ ജലസ്രോതസാക്കി മാറ്റുവാൻ കഴിയും.ഇതിനുള്ള നടപടികൾ പുതിയ എംഎൽഎ യുടെ നേതൃത്വത്തിൽ നടപ്പിലാക്കണം.ബുധനൂരിനെ മറ്റ് സ്ഥലങ്ങളുമായി ബന്ധിപ്പിക്കുവാൻ വേണ്ടി നിർമിക്കുന്ന പാലങ്ങളുടെ പണി അടിയന്തരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണം.
ബുധനൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിരവധി വികസനപ്രവർത്തനങ്ങൾ ഇതിനോടകം നടന്നു കഴിഞ്ഞു.ഗ്രാമീണ റോഡുകൾ ഭൂരിപക്ഷവും ടാർ ചെയ്തു.വഴിവിളക്കുകളുടെ പ്രശ്നങ്ങളും കുറവാണ്. എടുത്തു പറയത്തക്ക സർക്കാർ സ്ഥാപനങ്ങളൊന്നും ഈ ഗ്രാമത്തിൽ ഇല്ലെന്നുള്ളതാണ് ഒരു പ്രത്യേകത.മാന്നാറിനും ചെങ്ങന്നൂരിനും ഇടയിലുള്ള സ്ഥലമെന്ന തരത്തിൽ ഇവിടത്തുകാർ അത്യാവശ്യ കാര്യങ്ങൾക്ക് ഈ സ്ഥലങ്ങളെയാണ് ആശ്രയിക്കുന്നത്.
ചെളിയെടുത്തും മണൽവാരിയും പാടശേഖരങ്ങളിൽ അധികവും നശിച്ചുവെങ്കിലും കുറെ പാടശഖരങ്ങൾ ഇനിയും ഉണ്ട്. ഇവിടങ്ങളിൽ കൃഷിയിറക്കുന്നതിന് നടപടികൾ ഉണ്ടാകണം.