ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് കളം തെളിഞ്ഞു. അങ്കത്തട്ടിൽ 17 പോരാളികൾ മാറ്റുരയ്ക്കും. കൂടെ നോട്ടയും ഉണ്ടാകും. സ്ഥാനാർഥികളുടെ ബാഹുല്യം നിമിത്തം ഒരു പോളിംഗ് ബൂത്തിൽ രണ്ടു വോട്ടിംഗ് യന്ത്രം വേണ്ടിവരും.
നാമനിർദേശ പത്രിക സുഷ്മ പരിശോധനയ്ക്കുശേഷം 21 പേർ ആയിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഇന്നലെ ഒരു സ്വതന്ത്രനും മൂന്ന് ഡമ്മി സ്ഥാനാർഥികളുമാണ് പത്രിക പിൻവലിച്ചത്. 17 സ്ഥാനാർഥികളുടെ പട്ടികയും ചിഹ്നങ്ങളും തയാറായി. പേര്, പാർട്ടി, ചിഹ്നം എന്നീ ക്രമത്തിൽ
ഡി. വിജയകുമാർ യുഡിഎഫ് (കൈപ്പത്തി), പി.എസ്. ശ്രീധരൻപിള്ള ബിജെപി (താമര), സജി ചെറിയാൻ സിപിഎം (അരിവാൾ ചുറ്റിക നക്ഷത്രം), ജിജി പുന്തല രാഷ്ട്രീയ ലോക്ദൾ (കൈ പമ്പ്), മധു ചെങ്ങന്നൂർ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ കമ്മ്യൂണിസ്റ്റ് (ബാറ്ററി ടോർച്ച്) , രാജീവ് പള്ളത്ത് ആം ആദ്മി പാർട്ടി (തൊപ്പി), സുഭാഷ് നാഗ അംബേദ്കറേറ്റ് പാർട്ടി ഓഫ് ഇന്ത്യ(കോട്ട്), അജി എം. ചാലക്കേരി സ്വതന്ത്രൻ (ടിവി), ഉണ്ണി കാർത്തികേയൻ സ്വതന്ത്രൻ (കുടം), എം.സി. ജയലാൽ സ്വതന്ത്രൻ (മോതിരം), മുരളി നാഗ സ്വതന്ത്രൻ (മെഴുകുതിരി), മോഹനൻ ആചാരി സ്വതന്ത്രൻ (നെക്ലേസ്), ശിവപ്രസാദ് ഗാന്ധി സ്വതന്ത്രൻ (തേങ്ങ), ശ്രീധരൻപിള്ള സ്വതന്ത്രൻ (പഴവർഗങ്ങൾ അടങ്ങിയ കൂട്), എ.കെ. ഷാജി സ്വതന്ത്രൻ (വിസിൽ), സോമശേഖര വാര്യർ സ്വതന്ത്രൻ (ഓടക്കുഴൽ), സ്വാമി സുഖാ കാശ് സരസ്വതി സ്വതന്ത്രൻ (ടെലിഫോണ് ) എന്നിവരാണ് മത്സരാർഥികൾ. എം.വി. ഗോപകുമാർ ബിജെപി ഡമ്മി, പി.വി. വിശ്വംഭരപണിക്കർ എൽഡിഎഫ് ഡമ്മി, സൂസമ്മ ജോർജ് ആം ആദ്മി പാർട്ടി ഡമ്മി, നിപുൻ ചെറിയാൻ സ്വതന്ത്രൻ എന്നിവരാണ് പത്രിക പിൻവലിച്ചവർ.