ഡൊമനിക് ജോസഫ്
മാന്നാർ:ചെങ്ങന്നൂർ ഉപ തെരെഞ്ഞെടുപ്പിന് കളമൊരുങ്ങുന്പോൾ മുന്നണികൾ മുന്നൊരുക്കം തുടങ്ങി.സ്ഥാനാർഥികളെ ഒൗദ്യോഗികമായി മുന്നണികൾ തീരുമാനിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ കൂടി അണികളെ സജ്ജരാക്കുവാൻ എല്ലാ പാർട്ടികളും രംഗത്തത്തിറങ്ങിക്കഴിഞ്ഞു. എൽഡിഎഫ് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാൻ, യുഡിഎഫ് ജില്ലാ ചെയർമാൻ എം.മുരളി, എൻഡിഎ ബിജെപി ദേശീയ സമിതിയംഗം പി.എസ്.ശ്രീധരൻ പിള്ള എന്നിവർ ഈ മുന്നണികളിൽ നിന്ന് സ്ഥാനാർഥികളാകുമെന്നാണ് അവസാന സൂചന.
സ്ഥാനാർഥി നിർണയത്തിൽ വലിയ അട്ടിമറികൾ അവസാന നിമിഷം ഉണ്ടായില്ലെങ്കിൽ ഇവരിൽ ഒരാളാകും ചെങ്ങന്നൂരിന്റെ ജനപ്രതിനിധിയായി നിയമസഭയിൽ എത്തുക. ഇതനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ ഒരോ മുന്നണിയും നടത്തി വരുന്നത്. എല്ലാ തെരഞ്ഞെടുപ്പിലും പോലെ സിപിഎം പ്രചരണരംഗത്ത് ഏറെ സജീവമായിക്കഴിഞ്ഞു. മണ്ഡലത്തിലെ എല്ലാ ബൂത്ത് കമ്മറ്റികൾ ചേരുകയും കണ്‍വീനർമാരെ നിശ്ചയിക്കുകയും ചെയ്തു.
കൂടാതെ ഒാരോ ലോക്കൽ കമ്മിറ്റികൾക്കും ഒരു ജില്ലാ കമ്മിറ്റിയംഗം എന്ന തലത്തിൽ ചുമതലയും നൽകിക്കൊണ്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. ചെങ്ങന്നൂർ മണ്ഡലത്തിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊണ്ടുള്ള പൊതുയോഗങ്ങൾ എല്ലാ ലോക്കൽ കമ്മറ്റി തലങ്ങളിലും ഇതിനോടകം നടത്തിക്കഴിഞ്ഞു.
സ്ഥാനാർഥിയെ ഒൗദ്യോഗിക പ്രഖ്യാപിക്കുന്നതിന് മുന്‍പായി തന്നെ കുടുംബയോഗങ്ങൾ സംഘടിപ്പിക്കുവാനും തുടങ്ങി. ഒരു ബൂത്തിൽ 25 വീടുകൾക്ക് ഒരു കുടുംബയോഗം എന്ന തലത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു തെരെഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ പ്രാഥമിക ഘട്ടങ്ങൾ എല്ലാം തന്നെ സിപിഎം പൂർത്തിയാക്കിക്കഴിഞ്ഞു.
കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങി രംഗത്ത് സജീവമായിക്കഴിഞ്ഞു. പുതിയ മണ്ഡലം പ്രസിഡന്റുമാരുടെ നേത ൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുക. ബൂത്ത് തലങ്ങൾ സജീവമാക്കി കണ്‍വൻഷനുകൾ സംഘടിപ്പിച്ചു തുടങ്ങി.
പി.സി.വിഷ്ണുനാഥ് മത്സരിക്കുന്നില്ലെന്ന പ്രഖ്യാപനം വന്നതിന് ശേഷം അല്പമൊന്നു പിന്നോട്ടുപോയ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കി കൊണ്ട് എല്ലാവരെയും രംഗത്തിറക്കി രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ചു തുടങ്ങി. ബിജെപിയും പ്രചാരണ രംഗത്ത് സജീവസാന്നിധ്യമായിക്കഴിഞ്ഞു. ഭവന സന്ദർശനങ്ങൾ നടത്തി ക്കൊണ്ടാണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് ബിജെപി കടന്നിരിക്കുന്നത്.
മോദി സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് കൊണ്ട് പുറത്തിറക്കിയ ലഘുലേഖകൾ എല്ലാ ഭവനങ്ങളിലും എത്തിച്ച് തുടങ്ങി. അടുത്ത ആഴ്ചയിൽ സ്ഥാനാർഥിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ കണ്വൻഷൻ ചെങ്ങന്നൂരിൽ ചേരും.
തുടർന്ന് പഞ്ചായത്ത്, വാർഡ് അടിസ്ഥാനത്തിൽ കണ്‍വൻഷനുകൾ വിളിച്ച് തെരെഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ സജീവമാക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏത് നിമിഷവും വരാമെന്ന കണക്ക് കൂട്ടലിൽ മുന്നണികൾ മൂൻ കൂട്ടി തന്നെ സ്ഥാനാർഥികളെ നിശ്ചയിക്കുന്ന ചടങ്ങുകളിലേക്ക് കടന്ന് കഴിഞ്ഞു. അതുപോലെ തന്നെ താഴെതട്ടിലും മുൻകൂട്ടി പ്രചാരണ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്ത് നടപ്പിലാക്കുന്ന നടപടികളും തുടങ്ങി കഴിഞ്ഞു.