ചെങ്ങന്നൂർ: സംസ്ഥാനത്ത് നടന്നിട്ടുള്ള എല്ലാ ഉപതെരഞ്ഞെടുപ്പുകളിൽ നിന്നും പ്രചാരണ തന്ത്രങ്ങളിലും പ്രചാരണത്തിലും വ്യത്യസ്ത പകർന്നതായിരുന്നു ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്പേ തന്നെ സ്ഥാനാർഥികളെ നിശ്ചയിച്ച് മുന്നണികൾ രംഗത്തിറങ്ങിയ തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനുണ്ടായിരുന്നു.
മറ്റ് തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലം കൂടിയാണിതെന്ന പ്രത്യേകത ചെങ്ങന്നൂരിനുണ്ട്. ഇത് കൂടാതെ പ്രചാരണത്തിന് ഏറ്റവും കൂടുതൽ സമയം കിട്ടയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു.തുടർച്ചയായ രണ്ടര മാസത്തെ പ്രചാരണത്തിന് ഒടുവിലാണ് ഇന്നലെ വിധിയെഴുത്ത് നടന്നത്. കോരിചൊരിയുന്ന മഴയിലും ആവേശം വിടാതെ വോട്ടർമാർ പോളിംഗ് സ്റ്റേഷനിൽ എത്തിയത് മുന്നണികളെയും നേതാക്കളെയും ഞെട്ടിച്ചു.
എന്നാൽ ശക്തമായ പ്രചാരണത്തിന്റെ പ്രതിഫലനമാണ് പോളിംഗ് കൂടിയതതെന്നാണ് പൊതു വിലയിരുത്തൽ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 74.36 ശതമാനമായിരുന്നു പോളിംഗ്. അന്ന് മണ്ഡലത്തിൽ ആകെ ഉണ്ടായിരുന്നത് 1,95493 സമ്മതിദായകരായിരുന്നു. ഇതിൽ 1,43,363 വോട്ടർമാരാണ് സമ്മതിദാന അവകാശം വിനയോഗിച്ചത്.
എന്നാൽ ഇപ്പോൾ നടന്ന തെരഞ്ഞുപ്പിൽ 199,340 വോട്ടർമാരിൽ 1,52035 വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയാണ് വോട്ടിംഗ് ശതമാനം ഉയർത്തിയത്. കഴിഞ്ഞ തവണത്തേക്കാൾ 8,672 വോട്ടുകളാണ് കൂടിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 3,847 വോട്ടർമാരെ കൂടിയിട്ടുള്ളു. 2009 തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ ഏറ്റവും ഉയർന്ന പോളിംഗാണ് ചെങ്ങന്നൂരിൽ നടന്നത്.
മുന്പെങ്ങുമില്ലാത്ത വിധത്തിൽ വോട്ടിഗ് ശതമനം ഉയർന്നത് എല്ലാ മുന്നണികളെയും വിജയ പ്രതീക്ഷയിലേക്കാണ് കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. ഇതിനായി ഒരോ മുന്നണികളും കാരണങ്ങളും നിരത്തുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള ജനങ്ങളുടെ പ്രതിഷേധം ചെങ്ങന്നൂരിലൂടെ പ്രതിഫലിക്കുവാൻ വേണ്ടി എല്ലാവരും രാഷ്ട്രീയം നോക്കാതെ വോട്ട് ചെയ്യുവാനെത്തിയതിനാലാണ് പോളിംഗ് ശതമാനം വർദ്ധിച്ചതെന്നും ഇത് യുഡിഎഫിന്റെ വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഡി.വിജയകുമാർ പ്രതികരിച്ചു.
എന്നാൽ ചെങ്ങന്നൂരിന്റെ വികസനം കൊതിക്കുന്ന ഒരു വലിയ സമൂഹം ചെങ്ങന്നൂരിൽ ഉണ്ടെന്നും, കെകെആർ തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടുപോകുവാൻ എൽഡിഎഫ് വിജയിക്കണമെന്ന് നിഷ്പക്ഷരായവരും മറ്റ് രാഷ്ട്രീയ പാർട്ടികളിൽ ഉൾപ്പെട്ടവരും ചിന്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് എല്ലാവരും പോളിംഗ് സ്റ്റേഷനിലേക്ക് കാലാവസ്ഥയേയും അവഗണിച്ച് എത്തിയതെന്നും ഇത് എൽഡിഎഫിന്റെ വിജയം സുനിശ്ചതമാക്കിയിരിക്കുകയാണെന്നും സജി ചെറിയൻ പറഞ്ഞു.
എന്നാൽ കാലാകാലങ്ങളിൽ ചെങ്ങന്നൂരിലെ ജനപ്രതിന്ധികളായാരുന്ന വലത് ഇടത് മുന്നണികളെ ഒരു പാഠം പഠിപ്പിക്കുവാൻ ചെങ്ങന്നൂർ നിവാസികൾ തീരുമാനിച്ചതിന്റെ പ്രതിഫലനമാണ് പോളിംഗ് ശതമാനത്തിലെ വളർച്ചയെന്ന് എൽഡിഎ സ്ഥാനാർഥി ശ്രീധരൻ പിള്ളയും പറഞ്ഞു.
എന്നാൽ വോട്ടിംഗ് ശതമാനം കൂടിയത് സംബന്ധിച്ച് മുന്നണികളും താഴെ തട്ട് മുതൽ വിലയിരുത്തൽ തുടങ്ങി. തെരഞ്ഞെടുപ്പ് ദിനത്തിലെ പൊതു അനുഭവങ്ങളുടെയും മാധ്യമങ്ങളുടെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് കണക്ക് കൂട്ടലുകൾ നടത്തി വരുന്നത്.
എല്ലാ ബൂത്ത് കമ്മറ്റികളുടെയും റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് ഇന്ന് നൽകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.മൂന്ന് മുന്നണികളുടെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഇന്ന് വൈകുന്നേരം ചേരുന്നുണ്ട്.