ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിന്റെ തീയതി സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണെങ്കിലും പ്രചരണത്തെ ഇതൊന്നും ബാധിക്കുന്നില്ല. സാധാരണ തീയതി പ്രഖ്യാപിച്ച ശേഷം മുന്നണികളും സ്ഥാനാർഥികളും നടത്തിയിരുന്ന പ്രചാരണ പ്രവർത്തനങ്ങൾ മുൻ കൂട്ടി തന്നെ ചെങ്ങന്നൂരിൽ പൂർത്തീകരിച്ച് കഴിഞ്ഞു. പ്രചാരണ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്ന പരാതിയായിരുന്നു മുൻകാല തെരഞ്ഞെടുപ്പുകളിൽ ഉയർന്ന് കേട്ടിരുന്നത്.
എന്നാൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആ പരാതി ഇല്ലെന്ന് മാത്രമല്ല പ്രചാരണത്തിന് സമയം കൂടി പോയി എന്ന ചിന്തയാണ് എല്ലാവരിലും ഉയർന്നിരിക്കുന്നത്. സ്ഥാനാർഥികൾ മുൻ കാലങ്ങളിൽ മണ്ഡലത്തിലെ പൗരപ്രമുഖരെയും സമുദായ നേതാക്കളെയും മത പുരോഹിതൻമാരെയും മറ്റും കണ്ടതിന് ശേഷം സമയകുറവായതിനാൽ വ്യാപാര സ്ഥാപനങ്ങളിലും വിവാഹ മരണ വിടുകളിലും മറ്റ് പൊതു സ്ഥാലങ്ങളിലും അത്യാവശ്യം കാണേണ്ട വോട്ടർരെയും നേരിൽ കണ്ട് വോട്ട് തേടുകയായിരുന്നു പതിവ്.
പിന്നീടുള്ള വോട്ടർമാരെ നേരിൽ കാണുന്നത് സ്വീകരണ പരിപാടികളിലൂടെയായിരുന്നു. എന്നാൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ 80 ശതമാനത്തോളം വോട്ടർമാരേ നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കുന്നതിന് സ്ഥാനാർത്ഥികൾക്ക് സമയം ലഭിക്കുന്നുവെന്നുള്ള പ്രത്യേകതയുണ്ട്. ഇതിനായി സ്ഥാനാർഥികൾ മത്സരിച്ച് വോട്ടർമാരെ കാണുന്നതിനുള്ള ശ്രമങ്ങളും നടത്തി വരുന്നു. മുന്നണികൾ പ്രചാരണത്തിന്റെ രണ്ട് ഘട്ടങ്ങൾ പൂർത്തീകരിച്ച് മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്.
എൽഡിഎഫ് കുടുംബ യോഗങ്ങളിലേക്ക്
തെരഞ്ഞെടുപ്പിന്റെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ എൽഡിഎഫ് പ്രചാണ രംഗത്ത് ഏറെ സജീവമാണ്. മണ്ഡലം, മേഖലാ, ബൂത്ത് കണ്‍വൻഷനുകൾ പൂർത്തിയാക്കി കഴിഞ്ഞു. സ്ഥാനർഥിയുടെ അഭ്യർഥനകൾ എല്ലാ വീടുകളിലും എത്തിച്ച് സ്ക്വാഡ് പ്രവർത്തനങ്ങളും സജീവമാക്കി. ഒരു ബൂത്തിലെ 50 വീടുകൾക്ക് ഒരു സ്ക്വാഡു എന്ന തരത്തിൽ തിരിച്ചാണ് പ്രവർത്തനങ്ങൾ നടത്തി വരുന്നത്. ഭവന സന്ദർശനങ്ങൾക്ക് ശേഷം തെരഞ്ഞെടുപ്പ് വോട്ടിംഗ് അസസ്മെന്റും നടത്തി. ഇത്തവണ നാല് ഘട്ടങ്ങളിലായിട്ടാണ് അസസ്മെന്റ് നടത്തുവാൻ പദ്ധതി തയാറാക്കിയിരിക്കുന്നത്.
ഇതിൽ ഒന്നാം ഘട്ടമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. സ്ക്വാഡ് കണ്‍വീനർമാർ വ്യക്തമായി ഒരു ബുക്കിൽ ഒരോ വോട്ടർമാരുടെയും വോട്ട് എങ്ങോട്ടാണ് എന്ന തരത്തിൽ രേഖപ്പെടുത്തി ബൂത്ത് കണ്‍വീനർമാരെ ഏൽപ്പിക്കും. കൃത്യമായി ഒരോ വോട്ടർമാരെയും കണ്‍വീനർമാർ പഠിച്ചിരിക്കണം. ബൂത്ത് കമ്മറ്റി കൂടി ഇത് വിലയിരുത്തിയ ശേഷം മേഖലാ കമ്മറ്റിക്ക് നൽകും. ഇവിടുത്തെ വിലയിരുത്തലിനും ചർച്ചകൾക്കും ശേഷം മണ്ഡലം കമ്മറ്റിക്ക് ഈ ലിസ്റ്റുകൾ നൽകും.
ഇത് മണ്ഡലം കമ്മറ്റി കൂടി വിലയിരുത്തും. ഇത്തരത്തിൽ ആദ്യഘട്ട അസസ്മെന്റ് നടത്തി വിലയിരുത്തി കഴിഞ്ഞു. ഉപരികമ്മറ്റിയിൽ നിന്നു ചുമതല നൽകിയവർ ബൂത്തുകളെ ഒരോ സ്ക്വാഡുകളെ നിയന്ത്രിക്കുകയും ഇവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലെ ചുമതലക്കാർക്ക് താമസിക്കുന്നതിന് അതാത് ബൂത്ത് അതിർത്തിയിൽ വീടുകളും ഏർപ്പാട് ചെയ്ത് നൽകിയിട്ടുണ്ട്.
പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തിൽ കുടുംബ യോഗങ്ങളിലാണ് സിപിഎം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 25 വീടുകൾ ചേർത്ത് ഒരു കുടുംബ യോഗം എന്ന തലത്തിലാണ് ഇപ്പോൾ കൂടി വരുന്നത്. കുടുംബയോഗങ്ങളിൽ പങ്കെടുക്കേണ്ടവരെ നിശ്ചയിക്കുകയും യോഗങ്ങളിൽ പ്രസംഗിക്കേണ്ട കാര്യങ്ങളും കൃത്യമായി പഠിപ്പിച്ചാണ് കാര്യങ്ങൾ നീക്കുന്നത്. പങ്കെടുക്കാവുന്ന പരമാവധി കുടുംബ യോഗങ്ങളിൽ സ്ഥാനാർഥിയും പങ്കെടുക്കുന്നുണ്ട്.
താഴെ തട്ടിൽ ശ്രദ്ധകേന്ദ്രീകരിച്ച് യുഡിഎഫ്
യുഡിഎഫു പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ബൂത്ത് കണ്‍വൻഷനുകൾ പൊതുയോഗ രീതിയിലാണ് പലയിടങ്ങളിലും നടത്തുന്നത്. യുഡിഎഫിന്റെ ഒന്നാംകിട നേതാക്കൾ എല്ലാം തന്നെ പ്രചാരണ രംഗത്ത് സജീവമായി കഴിഞ്ഞു. ബൂത്ത് കണ്‍വൻഷനുകളിൽ ഉമ്മൻ ചാണ്ടി, വി.എം.സുധീരൻ, എം.എം.ഹസ്സൻ, കെ.മുരളീധരൻ, കെ.സുധാകരൻ, പി.സി.വിഷ്ണുനാഥ്, കൊടികുന്നിൽ സുരേഷ് എംപി, കെ.സി.വേണുഗോപാൽ തുടങ്ങിയവരാണ് ഉദ്ഘാടനം ചെയ്തു വരുന്നത്.
യുഡിഎഫും കുടുംബ യോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് ഇനിയുള്ള നാളുകളിലെ നീക്കം. ഈ കുടുംബ യോഗങ്ങളിൽ ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും. യുഡിഎഫിന്റെ പ്രചാരണങ്ങൾ വലിയ കാടിളക്കിയില്ലെങ്കിലും താഴെ തട്ടിൽ സജീവമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
ഭവന സന്ദർശനത്തിന് പ്രാധാന്യം നൽകിയുള്ള സ്ക്വാഡുകൾ സജീവമാണ്. മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള ആവേശത്തിൽ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നുവെന്നുള്ള പ്രത്യേകതയും ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കാണാൻ കഴിയും. ബൂത്ത് കമ്മറ്റി ഓഫീസുകൾ വരെ എല്ലായിടങ്ങളിലും സജീവമായി.
സ്ക്വാഡ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് എൻഡിഎ.
എൻഡിഎ സ്ഥാനാർഥി പി.എഎസ്.ശ്രധരൻ പിള്ളയുടെ പ്രവർത്തനങ്ങൾ ഒരോ വീടും കേന്ദ്രീകരിച്ചാണ്. സ്ഥാനാർഥിക്കൊപ്പം നേതാക്കൾ ഭവന സന്ദർശനം നടത്തുന്പോൾ അണികളും താഴെ തട്ടിൽ സജീവമാണ്. ഒരോ വീടും കയറിയിറങ്ങിയുള്ള പ്രവർത്തനങ്ങൾക്കാണ് മുൻ തൂക്കം നൽകി വരുന്നത്. ഒരോ വീടുകളും കയറിയിറങ്ങി വോട്ട് ചോദിക്കുന്നതിനായി അന്യ ജില്ലകളിൽ നിന്നുള്ള നേതാക്കളുടെ നിരയും എത്തിയിട്ടുണ്ട്.
കണ്ണൂരിൽ നിന്നുള്ള സ്ക്വാഡ് കഴിഞ്ഞ ദിവസം ചെറിയാനാട് പഞ്ചായത്തുകളിൽ ഭവന സന്ദർശനം നടത്തി. മണ്ഡലം കണ്വൻഷൻ നടത്തി കാടിളക്കിയില്ലെങ്കിലും താഴെ തട്ടിലുള്ള പ്രവർത്തനം സജീവമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം കണ്‍വൻഷനുകൾ നടത്തുവാനാണ് നേതൃത്വത്തിന്റെ തീരുമാനം.അതിന് മുന്‍പായി എല്ലാ ഭവനങ്ങളും സന്ദർശിച്ച് വോട്ട് ഉറപ്പിക്കലാണ് ബിജെപി ലക്ഷ്യമിടുന്നത്.