ചെങ്ങന്നൂർ: ആസന്നമായ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് തന്നെ മുന്നണികൾ നവമാധ്യമങ്ങളിലെ പ്രചരണങ്ങളിൽ സജീവം. വാട്ട്സ് ആപ്പ്, ഫേസ് ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളാണ് മുന്നണികൾ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്.
ഇതിനായി ഐ.ടി.വിദഗ്ദരെ മുന്നണികൾ ചെങ്ങന്നൂരിൽ എത്തിച്ചിട്ടുണ്ട്. പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങളും ആക്ഷേപ വർഷങ്ങളും കാരണം നവ മാധ്യമങ്ങൾ ഉപയോഗിക്കാൻ കഴിയുന്നില്ലെന്നാണ് ചെങ്ങന്നൂരുകാർ പറയുന്നത്. ആദ്യഘട്ടത്തിൽ എൻഡിഎയും എൽഡിഎഫുമായിരുന്നു സോഷ്യൽ മീഡിയ പ്രചരണത്തിൽ മുൻപന്തിയിൽ നിന്നത്.
എന്നാൽ ഇപ്പോൾ യുഡിഎഫും വലിയ സംവിധാനങ്ങളോടെ രംഗത്തെത്തിയിട്ടുണ്ട്. മൂന്ന് മുന്നണികൾക്കും പറയുവാനുള്ള ഏക പരാതിയും സോഷ്യൽ മീഡിയയിൽ വരുന്ന സത്യവിരുദ്ധ പ്രചാരണങ്ങളെ കുറിച്ചാണ്. ആദ്യം ആരോപണവുമായി രംഗത്തെത്തിയത് ബിജെപിയായിരുന്നു.
സൈബർ ക്വട്ടേഷൻ ടീമുകളാണ് ചെങ്ങന്നൂരിൽ സിപിഎമ്മിനുവേണ്ടി പ്രവർത്തിക്കുന്നതെന്ന ആരോപണമാണ് അവർ ഉയർത്തിയത്. പിന്നാലെ എത്തിയ എൽഡിഎഫ് തങ്ങളുടെ സ്ഥാനാർഥി സജി ചെറിയാനെ സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ ചെയ്യുന്നുവെന്ന ആരോപണം ഉയർത്തി.
മൂന്നാമത് യുഡിഎഫ് എത്തിയത് സോഷ്യൽ മീഡിയയിലെ ഇരു കൂട്ടരുടേയും കൊലവെറിയെ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു. മുന്നണികൾ പരസ്പരം പഴിചാരുന്നുണ്ടെങ്കിലും സൈബർ ആക്രമണങ്ങളിൽ നിന്ന് ആരും വിട്ടുനിൽക്കാൻ തയാറായിട്ടില്ലെന്നതാണ് ശ്രദ്ധേയം. ഉപതെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതൽ നവമാധ്യമ സാധ്യതകൾ മനസിലാക്കാൻ സാധിക്കുമെന്നാണ് ചെങ്ങന്നൂർ നിവാസികൾ പറയുന്നത്.