ചെങ്ങന്നൂർ: സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ എൻഡിഎ സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ളയുടെ പ്രചരണങ്ങൾക്ക് തുടക്കമായി. കല്ലിശ്ശേരി ടി ബി ജംഗ്ഷനിൽ എത്തിയ ശ്രീധരൻപിള്ളയെ പ്രവർത്തകർ സ്വീകരിച്ചു. ഉമയാറ്റുകര മുത്താരമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം മണ്‍പാത്ര നിർമാണ മേഖലയിലെ മുതിർന്ന അംഗം തന്പി കറുപ്പനിൽ (96) നിന്നും അനുഗ്രഹം സ്വീകരിച്ചു.
തുടർന്ന് അവശേഷിക്കുന്ന മണ്‍പാത്ര നിർമാണ യൂണിറ്റ് സന്ദർശിച്ച് കുഞ്ഞൻ ശിവശങ്കരൻ, വി.കെ. ഉണ്ണി, ചെല്ലമ്മ തുളസി എന്നിവരിൽ നിന്ന് ഈ മേഖല നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി. കളിമണ്‍ ലഭ്യതക്കുറവു പരിഹരിക്കാൻ സർക്കാർ പരാജയപ്പെട്ടത് കാരണം ഇല്ലാതാകുന്നത് ഒരു വലിയ പാരന്പര്യമാണെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.
കേരള മണ്‍പാത്ര നിർമാണ സമുദായസഭ സംസ്ഥാന സെക്രട്ടറി ടി.കെ. ചന്ദ്രൻ, ബിജെപി ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി എം.വി. ഗോപകുമാർ, ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലിൽ, യുവമോർച്ച സംസ്ഥാന മീഡിയസെൽ കണ്‍വീനറും, സംസ്ഥാന സമിതി അംഗവുമായ ശ്രീരാജ് ശ്രീവിലാസം, ബിജെപി തിരുവൻവണ്ടൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി എസ്.കെ. രാജീവ്, കർഷകമോർച്ച ജില്ല ജനറൽ സെക്രട്ടറി ഡി.വിനോദ് കുമാർ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ അജി ആർ. നായർ, പ്രമോദ് കാരക്കാട്, ഗണേഷ്കുമാർ, ഉമേഷ് ഉണ്ണി, പി.ടി.ലിജു, രാധാകൃഷ്ണൻ വള്ളിയിൽ, മനു കുഞ്ഞൻ എന്നിവരടക്കം പ്രവർത്തകർ ഒപ്പമുണ്ടായിരുന്നു.