ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. എൽഡിഎഫിൽനിന്ന് സജി ചെറിയാനും എൻഡിഎയിൽനിന്ന് പി.എസ്.ശ്രീധരൻപിള്ളയും യുഡിഎഫിൽ നിന്ന് ഡി.വിജയകുമാറുമാകും സ്ഥാനാർഥികൾ.
ഇനി ഒരു അട്ടിമറിയുണ്ടാകാതെ സ്ഥാനാർഥികളുടെ കാര്യത്തിൽ മാറ്റമൊന്നുമില്ലായെന്നതാണ് മുന്നണി കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തനത്തിൽ ചുവടുറപ്പിച്ചവരാണ് മൂവരും. സ്ഥാനാർഥികളെ സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനങ്ങൾ ഇന്നും നാളെയുമായി ഉണ്ടാകുമെന്നാണ് അറിയുന്നത്.
എൻഡിഎ ഒഴികെയുള്ള ഇരുമുന്നണികളിലും സ്ഥാനാർഥി നിർണയത്തിൽ ആദ്യഘട്ടത്തിൽ ആശങ്ക നിലനിന്നിരുന്നുവെങ്കിലും പിന്നീട് അത് പാടെ മാറുന്ന സ്ഥിതിഗതിയാണ് ഉണ്ടായത്.
എൽഡിഎഫിൽ സജി ചെറിയാൻ, എ.പദ്മകുമാർ, സി.എസ്.സുജാത എന്നിവരാണ് ആദ്യ പട്ടികയിൽ ഇടം നേടിയത്. എന്നാൽ വിജയ സാധ്യത മുൻനിർത്തി സജി ചെറിയാനെ പരിഗണിക്കുകയായിരുന്നു. യുഡിഎഫിൽ ഡി.വിജയകുമാർ, എം.മുരളി, എബി കുര്യാക്കോസ്, ജ്യോതി വിജയകുമാർ, സുനിൽ പി ഉമ്മൻ എന്നിവരായിരുന്നു സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയത്. എന്നാൽ അവസാനഘട്ടത്തിൽ ഡി.വിജയകുമാറിന് നറുക്കു വീഴുകായായിരുന്നു.
എൽഡിഎഫ,് എൻഡിഎ സ്ഥാനാർഥികൾ നിലവിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇന്നലെ സ്ഥാനാർഥി നിർണയം കഴിഞ്ഞതോടെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഡി.വിജയകുമാറും ഇന്ന് പുലർച്ച മുതൽതന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ന് ചെങ്ങന്നൂരിൽ കോണ്ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രമുഖ നേതാക്കൾ എത്തുന്ന വേദിയിൽ ഡി.വിജയകുമാറിന്റെ സ്ഥാനാർതിത്വത്തിന്റെ ഒൗദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്ന് മുന്നണികളും ബൂത്ത് തല പ്രവർത്തനങ്ങളും പ്രചരണ പ്രവർത്തനങ്ങളും തുടങ്ങികഴിഞ്ഞു. നേരത്തെ ചെങ്ങന്നൂരിൽ നടന്നതിൽ നിന്ന് വ്യത്യസ്ഥമായി കടുത്ത മത്സരമാകും ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിൽ നടക്കുക. മൂന്ന് മുന്നണികൾക്കും വ്യക്തമായ അടിത്തറയും ചെങ്ങന്നൂരിൽ ഇന്നുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ കെ.കെ.രാമചന്ദ്രൻ നായർ 52880 വോട്ടുകളോടെ പോൾ ചെയ്തതിൽ 36.38 ശതമാനം വോട്ടുനേടിയാണ് വിജയിച്ചത്. യുഡിഎഫിലെ പി.സി.വിഷ്ണുനാഥ് 44897 വോട്ടുകളോടെ പോൾചെയ്തതിൽ 30.89 ശതമാനം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തും എൻഡിഎയിലെ പി.എസ്.ശ്രീധരൻപിള്ള 42682 വോട്ടുകളോടെ പോൾ ചെയ്തതിൽ 29.36 ശതമാനം വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തും എത്തിയിരുന്നു.
ആകെ 195493 വോട്ടുകൾ ഉള്ളതിൽ 145363(74.36%) വോട്ടുകളാണ് മണ്ഡലത്തിൽ പോൾ ചെയ്തത്. ഇത്തവണ ഇതിലും കൂടുതൽ പോളിംഗ് മണ്ഡലത്തിൽ നടക്കുമെന്നാണ് കണക്കുകൂട്ടലുകൾ.
ചെങ്ങന്നൂരിൽ യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാർ തന്നെ
ചെങ്ങന്നൂർ: ആദ്യഘട്ടത്തിലെ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥിയായി ഡി.വിജയകുമാറിനെ പരിഗണിച്ചു. ഇന്നലെ വൈകുന്നേരം ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ഡി.വിജയകുമാറിനെ സ്ഥാനാർഥിയാക്കിക്കൊണ്ടുള്ള തീരുമാനമെടുത്തത്.
എം.മുരളി, എബി കുര്യക്കോസ്, ജ്യോതി വിജയകുമാർ, സുനിൽ പി ഉമ്മൻ എന്നിവരുടെ പേരുകളായിരുന്നു ആദ്യ ഘട്ടത്തിൽ മുന്നണിയിൽ നിന്ന് ഉയർന്നുവന്നത്. എം.മുരളി ആകും സ്ഥാനാർഥിയെന്ന വാർത്തയും പരന്നിരുന്നു. എന്നാൽ അവസാന ഘട്ട ചർച്ചകളിൽ ഡി.വിജയകുമാറിന്റെ പേര് ഉയർന്നു വരികയായിരുന്നു.
വിജയ സാധ്യത പരിഗണിച്ചാണ് വിജയകുമാറിനെ സ്ഥാനാർഥിയാക്കുന്നതെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ സാധിക്കുന്നത്. സ്ഥാനാർഥിത്വത്തിന് കെപിസിസി അംഗീകാരമായതോടെ ഹൈക്കമാൻഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് നേതൃത്വം.