ഡൊമനിക് ജോസഫ്
ചെങ്ങന്നൂർ മണ്ഡലത്തിലെ അപ്പർകുട്ടനാടൻ പ്രദേശമാണ് ചെന്നിത്തല.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാട്.ഗ്രാമത്തിന്റെ എല്ലാ വിശുദ്ധിയുമുള്ള ഈ പ്രദേശത്തിന് ധാരാളം വികസന കാഴ്ചപ്പാടുകളുണ്ട്.മണ്ഡല പുനഃക്രമീകരണത്തിൽ കഴിഞ്ഞ തെരെഞ്ഞെടുപ്പിലാണ് ചെന്നിത്തല ചെങ്ങന്നൂർ മണ്ഡലത്തിൽ ഉൾപ്പെട്ടത്.അപ്പർകുട്ടനാടൻ മേഖലയിൽ ഉൾപ്പെട്ട പാടശേഖരങ്ങൾ ഉള്ള പ്രദേശമെന്ന നിലയിൽ കൃഷിയുടെ അഭിവൃദ്ധിക്കായി ഒട്ടേറെ കാര്യങ്ങൾ ഇനിയും ഇവിടെ നടപ്പിലാക്കാനുണ്ട്.
സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ട പല കാര്യങ്ങളും ഇനിയും ഇവിടെ നടപ്പിലാക്കുവാൻ കഴിഞ്ഞിട്ടില്ല.തരിശ് കിടക്കുന്ന നിരവധി പാടശേഖരങ്ങൾ ഇപ്പോഴും ഇവിടെ ഉണ്ട്. ഇവിടങ്ങളിൽ എല്ലാം കൃഷിയിറക്കുവാനും നിലവിലുള്ള കൃഷി സംരക്ഷിക്കുവാനും നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു.
കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന വലിയൊരു വിഭാഗം ഈ ഗ്രാമത്തിൽ ഉള്ളതിനാൽ അവരുടെ ജീവനോപാധി കൂടിയായ കൃഷിയെ സംരക്ഷിക്കുവാൻ പദ്ധതികൾ ഉണ്ടാകണം.കൃഷിക്കാവശ്യമായ ജലസേചന സൗകര്യം വർദ്ധിപ്പിക്കേണ്ടിയിരിക്കുന്നു.
ഇവിടത്തെ കൃഷിക്കാർ നേരിടുന്ന ഗുരുതരമായ പ്രശ്നമാണ് ഓരുവെള്ള ഭീഷണി.ഇതിന് തടയിടുവാൻ സ്ഥിരമായ പരിഹാരം ഇനിയും കണ്ടെത്തുവാൻ കഴിഞ്ഞില്ല. ഒരു കാലത്ത് ചെന്നിത്തലയിൽ എള്ള് കൃഷി സജീവമായിരുന്നു.നെല്ല് കൊയ്യുന്ന പാടത്ത് ഇടവിളയായി എള്ള് കൃഷി ചെയ്തിരുന്നു. എന്നാൽ ഇന്ന് പേരിൽ മാത്രമായി എള്ള് കൃഷി ഒതുങ്ങുന്നു. ഇതിനെ പ്രോത്സാഹിപ്പിക്കുവാൻ നടപടികൾ ഉണ്ടാകണം.
താറാവ് കർഷകർ ഏറെയുള്ള പ്രദേശമാണ് ചെന്നിത്തല.താറാവ് കൃഷിയെ പ്രോത്സാഹിപ്പിക്കുവാനും നിലനിർത്തുവാനും നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു.കേന്ദ്ര സർക്കാർ കീഴിലുള്ള നവോദയാ സ്കൂളും മിലിറ്ററി കാന്റീനും ഈ ഗ്രാമത്തിൽ ഉണ്ട്.എന്നാൽ സംസ്ഥാന സർക്കാരിന്റെ പല ഓഫീസുകളും ജീർണിച്ച കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.സർക്കാർ സ്ഥാനപനങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ വലിയൊരു ആവശ്യമാണ്.
ഒറ്റപ്പെട്ട നിരവധി സ്ഥലങ്ങൾ ചെന്നിത്തലയിലുണ്ട്.ഗ്രാമീണ റോഡുകൾ,പ്രധാന ജംഗ്ഷനുകളിൽ മിനിമാസ്റ്റ് ലൈറ്റുകൾ, സൗകര്യങ്ങളുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവ നാട്ടുകരുടെ ചിരകാല സ്വപ്നമാണ്.രമേശ് ചെന്നിത്തല ആഭ്യന്തരവകുപ്പ് മന്ത്രി ആയിരുന്നപ്പോൾ ഒരു പോലീസ് എയ്ഡ്പോസ്റ്റ് ചെന്നിത്തലയ്ക്ക് അനുവദിച്ച് പ്രവർത്തനം തുടങ്ങിയെങ്കിലും ഇപ്പോൾ നിലച്ചമട്ടാണ്.ചെന്നിത്തലയിൽ ഒരു പോലീസ് സ്റ്റേഷൻ തന്നെ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിരവധി തോടുകളും മറ്റുമുള്ള ഇവിടെ ഇവയുടെ സംരക്ഷണം ഏറെ അനിവാര്യമാണ്.ജലസ്രോതസുകൾ എല്ലാം ഉപയോഗപ്പെടുത്തി കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുവാൻ പുതിയ ജനപ്രതിനിധിക്ക് കഴിയണമെന്ന് വോട്ടർമാർ പറയുന്നു.