ചെങ്ങന്നൂർ: നഗരഹൃദയത്തിലെ ശാസ്താംപുറം ചന്തയിൽ വൻ അഗ്നിബാധ. ചന്തയിൽ പ്രവർത്തിക്കുന്ന ചൈനീസ് ഉത്പന്നങ്ങളുടെ വിൽപ്പനശാലയും സമീപത്തെ പച്ചക്കറി വണ്ടികളും കത്തിനശിച്ചു. 40 ലക്ഷത്തിന്റെ നാശനഷ്ടം ഉണ്ടായതായാണ് പ്രഥമിക നിഗമനം. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് സംഭവം. ചന്തയിൽ സാധനം വാങ്ങാനെത്തിയവരും ചുമട്ടു തൊഴിലാളികളുമാണ് തീപർന്നു പിടിയ്ക്കുന്നത് ആദ്യം കണ്ടത്.
ഉടൻ തന്നെ ചെങ്ങന്നൂർ ഫയർഫോഴ്സിനെയും പോലീസിനേയും നാട്ടുകാർ വിവരം അറിയിച്ചു. ഫയർഫോഴ്സും പോലീസും സ്ഥലത്ത് എത്തി തീയണക്കാൻ ശ്രമിക്കുന്നതിനിടെ വീണ്ടും തീ ആളിപടന്നു. പിന്നീട് ചങ്ങനാശേരി, കായംകുളം, മാവേലിക്കര, തിരുവല്ല എന്നിവിടങ്ങളിൽ നിന്ന് ആറ് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി ഏഴോടെയാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്്.
വ്യാപാര സ്ഥാപനങ്ങൾക്ക് സമീപത്തെ ട്രാൻസ്ഫോർമറിൽ നിന്നാണ് അഗ്നിബാധ ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. സമീപമുണ്ടായിരുന്ന ചെറിയ പെട്ടിക്കടയിലേക്കും തീ പടർന്നു പിടിച്ചിട്ടുണ്ട്. ഓച്ചിറ മേമന സ്വദേശി നാസറിന്റെതാണ് ചൈനീസ് വിൽപ്പനശാല. ചെങ്ങന്നൂർ തിട്ടമേൽ സ്വദേശി നടുവിലേപറന്പിൽ ഷാജിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു പച്ചക്കറികളുമായി കിടന്നിരുന്ന വണ്ടികൾ.
വണ്ടികൾക്കൊപ്പമിരുന്ന 30 ചാക്ക് സവാള, ആറു ചാക്ക് കൊച്ചുള്ളി, അഞ്ചു ചാക്ക് ഉരുളകിഴങ്ങ് എന്നിവയും അഗ്നിക്കിരയായിട്ടുണ്ട്. ചെങ്ങന്നൂർ ഫയർ ഓഫീസർ ശംഭുനന്പൂതിരി, തിരുവല്ല ഫയർ ഓഫീസർ പി.ബി.വേണുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തുള്ള സംഘമാണ് തീയണച്ചത്.