ഡൊമനിക് ജോസഫ്
ചെങ്ങന്നൂർ പട്ടണത്തിൽ നിന്ന് അകന്നും എന്നാൽ തിരുവല്ലയോട് ചേർന്നും കിടക്കുന്ന ഗ്രാമമാണ് തിരുവൻവണ്ടൂർ.ഈ ഗ്രാമപഞ്ചായത്തിൽ ഏറെയും ഗ്രാമീണ റോഡുകളാണ്.ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ഒരു കോളജ് ഒഴിച്ചാൽ മറ്റ് സ്ഥാപനങ്ങളൊന്നും ഇല്ലാത്ത ഈ പ്രദേശത്ത് യാത്രാ സൗകര്യവും കുറവാണ്. വല്ലപ്പോഴും എത്തുന്ന കെഎസ്ആർടിസി ബസുകളാണ് പുറംലോകവുമായി ബന്ധപ്പെടുവാനുള്ള എല്ലാവരുടെയും ആശ്രയ മാർഗം.കൂടുതൽ കെഎസ്ആർടിസി ബസുകൾ ഇവിടേക്ക് സർവ്വീസ് നടത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യങ്ങളിൽ ഒന്ന്.
കുളങ്ങളും,തോടുകളും മറ്റും ഏറെയുള്ള ഈ പ്രദേശത്ത് ഇവ സംരക്ഷിക്കുവാൻ നടപടികൾ ഉണ്ടാകണം.കരിന്പ് കൃഷിക്ക് ഒരുകാലത്ത് ഏറെ പ്രശസ്തമായ പ്രദേശമായിരുന്നു തിരുവൻവണ്ടൂർ മേഖല.ഇവിടെ ഉത്പാദിപ്പിക്കുന്ന ചക്കിലാട്ടിയ ശർക്കര പ്രസിദ്ധമായിരുന്നു. എന്നാൽ ഇപ്പോൾ ഈ മേഖലയിൽ കരിന്പ് കൃഷി വ്യാപകമായി ഇല്ല. ശർക്കര ഉണ്ടാക്കുന്ന ചക്കുകളും കുറഞ്ഞു.എന്നാൽ കൃഷി സ്ഥലങ്ങൾ അധികവും ഇപ്പോഴും തരിശായി തന്നെ കിടക്കുന്നുണ്ട്. ഇവിടങ്ങളിൽ കരിന്പ് കൃഷി പ്രോത്സാഹിപ്പിക്കുവാൻ നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു.
ഒരു നദിയുടെ അക്കരെയിക്കരെയുള്ള സ്ഥലങ്ങളാണ് പാണ്ടനാടും തിരുവൻ വണ്ടൂരും.ഈ രണ്ട് പഞ്ചായത്തുകളുടെയും വികസനവുമായി ബന്ധപ്പെട്ട പാലമായിരുന്നു പാണ്ടനാട് മിത്രമഠം പാലം.നിർമ്മാണം തുടങ്ങിയിട്ട് 15 വർഷത്തോളമായ പാലത്തിന്റെ പണികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന ആവശ്യം ഇരു പ്രദേശങ്ങൾക്കുമുണ്ട്.
പാണ്ടനാട്ടിലൂടെയുള്ള പ്രധന റോഡ് മാന്നാർ-പരുമല-ചെങ്ങന്നൂർ റോഡാണ്.ഉയർന്ന നിലവാരത്തിൽ നിർമിച്ചിരിക്കുന്ന ഇവിടെയുള്ള ഏക റോഡാണിത്.
യാതൊരുവിധ സർക്കാർ സ്ഥാപനങ്ങളും ഇല്ലാത്ത ഒരു ഗ്രാമമാണ് പാണ്ടനാട്.ദുരിതമനുഭവിക്കുന്ന നിരവധി കോളനികൾ പാണ്ടനാട്ടിലുണ്ട്.കോളനികളുടെ നവീകരണം വളരെ പ്രാധാന്യമർഹിക്കുന്നതാണ്.പാണ്ടനാട്ടിലെ പ്രധാന ജംഗ്ഷനുകളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നുള്ളതാണ് മറ്റൊരു ആവശ്യം.ടൂറിസം സാധ്യതകൾ ഏറെയുള്ള ഗ്രാമമാണ് ചെങ്ങന്നൂർ.നിലവിലുള്ള ഇടക്കടവ് ഇക്കോ ടൂറിസം വികസിപ്പിക്കുകയും പുതിയ പദ്ധതികൾ കൊണ്ടുവരുകയും വേണം.
നിരവധി വികസനങ്ങൾ വേണ്ട രണ്ട് ഗ്രാമപഞ്ചായത്തുകളാണ് തിരുവൻവണ്ടൂരും പാണ്ടനാടും.ചെങ്ങന്നൂർ ടൗണിലേക്ക് എത്തുന്പോൾ സമീപ മണ്ഡലങ്ങളിൽ ഉണ്ടായ വളർച്ച ഇവിടെയുണ്ടായില്ല. തിരുവല്ല,മാവേലിക്കര,ഹരിപ്പാട് പട്ടണങ്ങൾക്ക് അദ്ഭുതാവഹമായ വികസനങ്ങളാണ് അടുത്ത കാലത്ത് ഉണ്ടായത്. ഈ പട്ടണങ്ങളുമായി തട്ടിച്ചു നോക്കുന്പോൾ വികസനം എത്താത്ത ടൗണാണ് ചെങ്ങന്നൂർ.
എംസി റോഡ് കടന്നു പോകുന്ന ചെങ്ങന്നൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുവാൻ ഇനിയും ആലോചനകൾ പോലും നടത്തിയിട്ടില്ല.ട്രാഫിക് സിഗ്നൽ ലൈറ്റുകൾ ചെങ്ങന്നൂരിൽ സ്ഥാപിച്ചത് അടുത്ത കാലത്താണ്.ഗതാഗത തിരക്കിന് പരിഹാരം കാണുവാൻ ബൈപാസ് അനിവാര്യമാണ്.
സെൻട്രൽ ഹാച്ചറിയുടെ ശോച്യാവസ്ഥ എല്ലാ തെരഞ്ഞെടുപ്പുുകളിലും ചർച്ചയാകാറുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇത് മറക്കുകയാണ് ജനപ്രതിനിധികൾ ചെയ്തു വന്നിരുന്നത്. സമീപ മണ്ഡലങ്ങളിൽ കെഎസ്ആർടിസി സ്റ്റാൻഡുകളും സമുച്ചയങ്ങളും ഉണ്ടായപ്പോൾ ഇവിടെ നവീകരണം തുടങ്ങുന്നതേയുള്ളു.
സൗകര്യങ്ങളുള്ള കളിസ്ഥലം എന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് വന്നിട്ടില്ല.ആധുനിക സൗകര്യങ്ങളുള്ള മീൻ,പച്ചക്കറി ചന്ത ആരംഭിക്കണം.ഒരു വ്യവസായ സ്ഥാപനം പോലും ഇല്ലാത്ത മണ്ഡലമാണ് ചെങ്ങന്നൂർ.പുതിയ വ്യവസായസ്ഥാപനങ്ങൾ ചെങ്ങന്നൂരിൽ ആരംഭിക്കണം.ഫയർസ്റ്റേഷനും,പോലീസ് സ്റ്റേഷനും പുതിയ കെട്ടിടങ്ങൾ നിർമിക്കണമെന്ന ആവശ്യം വർഷങ്ങൾക്ക് മുന്പ് ഉയർന്നതാണ്.
പാണ്ടവൻപാറ ഉൾപ്പെടുത്തി ടൂറിസം പദ്ധതി വിപുലീകരിക്കുവാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കണം.ആലപ്പുഴ ജില്ലയിൽ തന്നെ വികസനത്തിൽ പിന്നോക്കാവസ്ഥ പുലർത്തുന്ന മണ്ഡലങ്ങളിലൊന്നായി ചെങ്ങന്നൂർ മാറിയിരിക്കുകയാണ്.വലിയ വ്യാപാരസ്ഥപനങ്ങൾ ഒന്നും ചെങ്ങന്നൂരിലേക്ക് കടന്നു വരാത്തത് ഇവിടത്തെ പിന്നോക്കാവസ്ഥ കാരണമാണത്.
ശബരിമലയുടെ പ്രധാന ഇടത്താവളമായി മാറിയ ചെങ്ങന്നൂരിൽ എല്ലാതലത്തിലും ഉള്ള വികസനം വളരെ മുന്പേ ഉണ്ടാകേണ്ടതായിരുന്നു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഒരു പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.ഇനി ഇത് നടപ്പിലാക്കേണ്ടിയിരിക്കുന്നു.ചെങ്ങന്നൂർ റെയിൽവേയുടെ വികസനം മറ്റൊരു പ്രധാന വിഷയമാണ്.ഇവിടെ വേണ്ടത്ര സൗകര്യങ്ങൾ ഇനിയും നടപ്പിലാക്കുവാനുണ്ട്
അവസാനിച്ചു