ഡൊമിനിക് ജോസഫ്
ചെങ്ങന്നൂർ മണ്ഡലത്തിൽ ചെങ്ങന്നൂർ പട്ടണത്തിനൊപ്പം വളർന്നുവരുന്ന മറ്റൊരു പ്രദേശമാണ് മാന്നാർ.നിരവധി സ്ഥാപനങ്ങൾ ഉള്ള മാന്നാറിന്റെ വികസനം ഇനിയും അകലെയാണ്. പ്രശസ്തങ്ങളായ നിരവധി ആരാധനാലയങ്ങളുടെ സംഗമ ഭൂമികൂടിയാണ് മാന്നാർ.
പരന്പരാഗത വ്യവസായങ്ങളുടെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കാവുന്ന മാന്നാറിന്റെ വെങ്കലപെരുമ ലോകപ്രശസ്തമാണ്.എന്നാൽ വേണ്ടത്ര പരിഗണന മാന്നാറിന് ലഭിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ജനപ്രതിനിധിക്ക് മുന്നിൽ നിരവധി വികസനങ്ങൾ മാന്നാറിന് ഉണ്ടാകണമെന്ന പൊതു ആവശ്യം വോട്ടർമാർ വയ്ക്കുകയാണ്.
മാന്നാറിൽ നിന്ന് ഉയരുന്ന ഏറ്റവും വലിയ ആവശ്യങ്ങളിൽ ഒന്ന് പരന്പരാഗത വ്യവസായങ്ങളുടെ സംരക്ഷണമാണ്.വെങ്കലപാത്രനിർമാണം, വെള്ളി ആഭരണ നിർമാണം,സ്വർണാഭരണ നിർമാണം,ഇഷ്ടിക നിർമാണം,തീപ്പെട്ടിക്കൊള്ളി വ്യവസായം തുടങ്ങി നിരവധി പരന്പരാഗത വ്യവസായങ്ങൾ മാന്നാറിൽ ഉണ്ടായിരുന്നു.ഇന്ന് പേരിൽ മാത്രമായി എല്ലാം ഒതുങ്ങുകയും ഇല്ലാതാവുകയുമാണ്.
ഇത്തരം വ്യവസായങ്ങളേയും പുനരുജ്ജീവിപ്പിക്കുന്നതിന് നടപടികൾ ഉണ്ടാകണം.വെങ്കലപെരുമ നിലനിർത്തി സർക്കാർ പ്രഖ്യാപിച്ച പൈതൃകഗ്രാമ പദ്ധതി ആരംഭിക്കണം.ഒരു കാലത്ത് മാന്നാറിന്റെ സന്പദ്ഘടനയെ തന്നെ നിയന്ത്രിച്ചിരുന്ന പൊതുമേഖലാ സ്ഥാപനമായിരുന്നു അലിഡ് സ്വിച്ച്ഗിയർ ഫാക്ടറി. ഇത് ഇന്ന് തകർച്ചയുടെ വക്കിലാണ്.നൂറുകണ്ക്കിന് തൊഴിലാളകൾക്ക് പ്രത്യക്ഷമായും ഇതിലേറെ പേർക്ക് പരോക്ഷമായും തൊഴിൽ നൽകിയിരുന്ന ഈ സ്ഥാപനം പുനരുജ്ജീവിപ്പിക്കാൻ വേണ്ട നടപടകിൾ പുതിയ എംഎൽഎ സ്വീകരിക്കണം.
ശാപമായി മാറുന്ന ഗതാഗതക്കുരുക്ക്
മാന്നാറിന് ശാപമായി മാറിക്കൊണ്ടിരിക്കുകയാണ് ഗതാഗതക്കുരുക്ക്. അനുദിനം ഗതാഗതത്തിരക്ക് വർധിക്കുന്ന മാന്നാറിൽ സിഗ്നൽ ലൈറ്റുകൾ ഇനിയുമെത്തിയിട്ടില്ല. മാന്നാർ ടൗണ്,തൃക്കുരട്ടി ക്ഷേത്രം, സ്റ്റോർജംഗ്ഷൻ എന്നിവിടങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കണം.കൂടാതെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബൈപാസ് നിർമിക്കണം.നിലവിലുള്ള ബസ് സ്റ്റാൻഡ് നവീകരിക്കണം.
കാർഷിക മേഖലയ്ക്ക് ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് മാന്നാറിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ.അപ്പർകുട്ടനാടൻ പാടശേഖരങ്ങളിൽ ഉൾപ്പെട്ട കുരട്ടിശേരി പാടശേഖരത്ത് ഇരുപ്പൂകൃഷി നടപ്പിലാക്കുവാൻ സംവിധാനം ഒരുക്കണം. ഇപ്പോഴും വേണ്ടത്ര വികസനം എത്താത്ത പാവുക്കര,വള്ളക്കാലി, ഇരമത്തൂർ ഭാഗങ്ങളിൽ സഞ്ചാരയോഗ്യമായ റോഡുകൾ നിർമിക്കണം.കുടിവെള്ള ക്ഷാമം ഏറെയുള്ള ഇവിടങ്ങളിൽ ഇതിന് പരിഹാരം കാണണം.വർഷകാലത്ത് പോലും കുടിവെള്ള ക്ഷാമമുള്ള പ്രദേശമാണ് പടിഞ്ഞാറൻ മേഖലകൾ.മാന്നാറിൽ ഫയർ സ്റ്റേഷൻ വേണമെന്നുള്ളതാണ് മറ്റൊരു ആവശ്യം.
ടൂറിസ സാധ്യതകൾ ഏറെ
ടൂറിസത്തിന് ഏറെ സാധ്യതകളുളള പ്രദേശമാണ് മാന്നാർ.മാന്നാറിനോട് ചേർന്ന് കിടക്കുന്ന പരുമലയെ ഉൾപ്പെടുത്തി തീർത്ഥാടന ടൂറിസവും നടപ്പിലാക്കാവുന്നതാണ്. മാന്നാർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണം.
ഏക്കർ കണക്കിന് വസ്തുവും കെട്ടിടങ്ങളുമാണ് ആശുപത്രി വളപ്പിൽ കാട് കയറി നശിക്കുന്നത്. പോളിഞ്ഞു വീഴാറായ ഡോക്ടേഴ്സ് ക്വാട്ടേഴ്സുകൾ പൊളിച്ചു നീക്കി പുതിയ പദ്ധതികൾ കൊണ്ടുവരണം -തുടങ്ങി നിരവധി ആവശ്യങ്ങളആണ് വോട്ടർമാർ മാന്നാറിൽ നിരത്തുന്നത്.