പത്തനംതിട്ട: ചെങ്ങറ പാക്കേജ് നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന റിപ്പോർട്ടുമായി റവന്യുവകുപ്പ്. ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്തവരിൽ അർഹരായ 1495 കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നായിരുന്നു 2010 ജനുവരി രണ്ടിലെ സർക്കാർ ഉത്തരവ്.
ഇതനുസരിച്ച് എറണാകുളം 30, പാലക്കാട് 55, വയനാട് 30, മലപ്പുറം 18, കണ്ണൂർ 100, കാസർഗോഡ് 360 എന്നിങ്ങനെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള പാക്കേജ് തയാറാക്കി.
എന്നാൽ സർക്കാർ കണക്കുപ്രകാരം ഇതേവരെ പുനരധിവസിപ്പിച്ചത് 180 കുടുംബങ്ങളെ മാത്രമാണ്. 1315 കുടുംബങ്ങളെ സർക്കാർ തന്നെ കൈയൊഴിഞ്ഞതായി റിപ്പോർട്ടുകൾ വന്നു.
തിരുവനന്തപുരം 48, കൊല്ലം 18, പത്തനംതിട്ട നാല്, ഇടുക്കി ഒന്ന്,എറണാകുളം 21, പാലക്കാട് ഏഴ്, കണ്ണൂർ 17, കാസർഗോഡ് 62 എന്നിങ്ങനെയാണ് പുനരധിവാസം നടപ്പാക്കിയതിന്റെ സർക്കാർ കണക്ക്.
മറ്റുള്ളവരുടെ പുനരധിവാസത്തിനായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി ഭൂമി അനുവദിച്ചെങ്കിലും ഇവരുടെ പുനരധിവാസം കടലാസിലൊതുങ്ങി.
ഭൂ പതിവിന് അനുയോജ്യമായ ഭൂമി ലഭിക്കാത്തതാണ് ചെങ്ങറ പാക്കേജ് നടപ്പാക്കാൻ തടസമെന്നാണ് റവന്യുവകുപ്പിന്റെ വിശദീകരണം.
പട്ടയം കൈപ്പറ്റിയവരിൽ പലരും അനുവദിച്ച ഭൂമി വാസയോഗ്യമോ കൃഷിയോഗ്യമോ അല്ലെന്നു കണ്ട് പരാതിപ്പെടുകയും ഭൂമി ഏറ്റെടുക്കാതെ ചെങ്ങറയിലേക്ക് തന്നെ മടങ്ങുകയും ചെയ്തിരുന്നു.
വാസയോഗ്യമായ ഭൂമി ആവശ്യപ്പെട്ട് ഇവർ വീണ്ടും പരാതികൾ നൽകി ഒരു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും നടപടിയുണ്ടായില്ല.
ഹൈക്കോടതി ഇടപെട്ട സാഹചര്യത്തിൽ ചെങ്ങറ പാക്കേജ് പ്രകാരം ഭൂമി ലഭിച്ചവരുടെയും ലഭിക്കേണ്ടവരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് 2021 ജൂലൈ 29ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് പതിവിന് അനുയോജ്യമായ മിച്ചഭൂമിയുടെ വിവരം ശേഖരിക്കാൻ തീരുമാനിച്ചിരുന്നു.
പത്തനംതിട്ട, തൃശൂർ, കണ്ണൂർ ജില്ലകളിലായി 12.10 ഏക്കർ കൃഷിയോഗ്യവും 10.94 ഏക്കർ വാസയോഗ്യവുമായ ഭൂമി കണ്ടെത്തിയിരുന്നു.
ഇത്തരത്തിൽ 23.07 ഏക്കർ മാത്രമാണ് റവന്യുവകുപ്പിന്റെ ഉടമസ്ഥതയിൽ മിച്ചഭൂമിയായി ഉള്ളതെന്നും വിലയിരുത്തപ്പെട്ടു.
കൃഷിക്കും താമസത്തിനും അനുയോജ്യമായ ഭൂമി വനംവകുപ്പിന്റെ കൈവശമുണ്ടെങ്കിൽ വനവത്കരണത്തിനുവേണ്ടി പകരം ഭൂമി നൽകി അത് ഏറ്റെടുത്തു ചെങ്ങറ പാക്കേജ് നടപ്പാക്കണമെന്നാവശ്യവും ഉയർന്നിരുന്നതാണ്.
തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഇത്തരത്തിൽ ഭൂമിയും കണ്ടെത്തിയിരുന്നു. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭൂമി വാസയോഗ്യമാണോയെന്നു പരിശോധിച്ചു റിപ്പോർട്ട് നൽകാൻ പ്രത്യേക സമിതിയെ ലാൻഡ് റവന്യു കമ്മീഷണർ നിയോഗിക്കുകയും ചെയ്തിരുന്നു.