കല്‍പ്പറ്റ: ചീങ്ങേരിമല സാഹസിക ടൂറിസം കേന്ദ്രത്തിന് സര്‍ക്കാര്‍ ഒരു കോടി അനുവദിച്ചു. ഇതോടെ അടഞ്ഞ അധ്യായമായി കണക്കാക്കിയ ചീങ്ങേരി ടൂറിസം പദ്ധതിക്ക് ജീവന്‍ വയ്ക്കുകയാണ്. ടൂറിസം വകുപ്പിന്‍റെ കഴിഞ്ഞ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് തുക അനുവദിക്കാന്‍ ധാരണയായത്.
ടൂറിസം രംഗത്ത് വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്ന രീതിയില്‍ വിഭാവനം ചെയ്ത പദ്ധതിയായിരുന്നു ചീങ്ങേരിമലയിലെ ടൂറിസം പദ്ധതി. പി. കൃഷ്ണപ്രസാദ് എംഎല്‍എയായിരുന്നപ്പോഴാണ് ഈ പ്രോജക്ട് തയ്യാറാക്കി ടൂറിസം വകുപ്പിന് നല്‍കിയത്. ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ രണ്ടു കോടിയും വാങ്ങിയെടുക്കാനായി.
സംസ്ഥാന സര്‍ക്കാര്‍ അഞ്ചരക്കോടിയും അനുവദിച്ചു. 2009 ജൂലായിലാണ്് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. പിന്നീട് പലകാരണങ്ങള്‍കൊണ്ടും പദ്ധതി വൈകിപ്പിക്കുകയും അനുവദിക്കപ്പെട്ട ഏഴുകോടി പാഴാക്കുകയും ചെയ്തു. നൂറുകണക്കിന് ആദിവാസികള്‍ക്ക് ഉപജീവനമാകുന്ന തരത്തിലുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്.
പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ ആദിവാസികള്‍ക്കാവശ്യമായ കരകൗശല ഉല്‍പാദന, വിപണന കേന്ദ്രങ്ങള്‍, ആദിവാസി ഗോത്രകലകള്‍ വിനോദ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്ന ഓപ്പണ്‍ തിയേറ്റര്‍, ചീങ്ങേരി മലയില്‍ വയനാട് ഹെറിറ്റേജ് ഇന്‌റര്‍പ്രട്ടേഷന്‍ സെന്‍റര്‍, എന്‍ട്രന്‍സ് പവലിയന്‍, ടോയ്‌ലറ്റുകള്‍, മള്‍ട്ടിമീഡിയ ഹാള്‍, കരകൗശല ബസാര്‍, സുവനീര്‍ ഷോപ്പുകള്‍, പാര്‍ക്കിംഗ് ഏരിയ തുടങ്ങിയവ ചീങ്ങേരിമലയില്‍ സ്ഥാപിക്കാനായിരുന്നു ലക്ഷ്യം. രണ്ടുകോടിയുടെ എസ്റ്റിമേറ്റായിരുന്നു ഇതിന് തയ്യാറാക്കിയത്. പദ്ധതിക്കായി റവന്യൂ വകുപ്പ് എട്ടേക്കര്‍ ഭൂമിയും ഡിടിപിസിക്ക് കൈമാറി.
രണ്ടാം ഘട്ടത്തില്‍ ചീങ്ങേരിമലയെയും എടക്കല്‍ ഗുഹ സ്ഥിതിചെയ്യുന്ന അന്പുകുത്തി മലയെയും ബന്ധിപ്പിക്കുന്ന റോപ്പ് വേ നിര്‍മിക്കാനായിരുന്നു പദ്ധതി. ഇന്ത്യയില്‍തന്നെ ഏറ്റവും വലിയ റോപ് വേയാകുമായിരുന്നു ഇത്. അഞ്ചരക്കോടിയുടെ അംഗീകാരം ഇതിന് ലഭിച്ചിരുന്നു. രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് അന്ന് നിര്‍ദേശം നല്‍കിയത്.
കേരളാ പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് നിര്‍മാണത്തിന്‍റെ ചുമതലയും കൊടുത്തു. എന്നാല്‍ പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സ്വകാര്യ ഏജന്‍സിക്ക് നിര്‍മാണം കൈമാറി. 2011 കഴിയുന്‌പോഴേക്കും പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു.
അനുവദിച്ച സമയത്ത് പദ്ധതി നടപ്പാക്കാത്തതിനാല്‍ കേന്ദ്രം നല്‍കിയ രണ്ടുകോടി തിരിച്ചുപിടിച്ചു. നിലവില്‍ ടൂറിസം വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ചാണ് ഒരു കോടി ലഭിച്ചത്. ഡിടിപിസി സാഹസിക ടൂറിസത്തിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.