ചങ്ങനാശേരി: കാറ്റിലും മഴയിലും തകർന്നടിഞ്ഞ വീട്ടിൽ വിജയനും കുടുംബവും കഴിയാൻ തുടങ്ങിയിട്ട് രണ്ടു വർഷമാകുന്നു. കാറ്റിൽ തകർന്ന ഈ വീടിന് പട്ടയം ഇല്ലാത്തതിന്റെ പേരിൽ അധികാരികൾ സഹായം നിഷേധിക്കുന്നു. 2017 സെപ്റ്റംബർ 29നാണ് കുറിച്ചി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ എണ്ണയ്ക്കാച്ചിറ കുളത്തിന് സമീപമുള്ള തരുവൻകുഴിയിൽ വിജയന്റെ വീട് ഇടിഞ്ഞുവീണത്. അന്ന് രണ്ടുമുറികൾ മാത്രം അവശേഷിപ്പിച്ച് അടുക്കള അടക്കം ബാക്കി മുഴുവൻ ഭാഗവും തകർന്നടിഞ്ഞു.
എണ്പത്തിയൊന്ന് വയസുള്ള വൃദ്ധമാതാവും ഭാര്യയും മൂന്നുമക്കളും കൊച്ചുമക്കളും അടങ്ങുന്നതാണ് വിജയന്റെ കുടുംബം. രണ്ട് മുറികൾ മാത്രമുള്ള ഈ വീട്ടിൽ ഇപ്പോൾ ആറ് അംഗങ്ങളാണ് ജീവിതം തള്ളിനീക്കുന്നത്.
ഇതുമൂലം ബികോമിന് പഠിക്കുന്ന മകൾക്ക് പഠിക്കാൻ പോലും സൗകര്യം ലഭ്യമാകുന്നില്ല. കട്ടിൽ ഇട്ടിരിക്കുന്നതിനാൽ മുൻവശത്തുള്ള വാതിൽ പോലും തുറക്കാൻ കഴിയുന്നില്ലെന്ന് വിജയൻ പറഞ്ഞു. കൂനിന്മേൽ കുരു എന്നതുപോലെ ഇക്കഴിഞ്ഞ കാലവർഷത്തിൽ സമീപത്ത് നിന്നിരുന്ന തേക്ക് മറിഞ്ഞ് വീണ് വീടിന് വീണ്ടും കേടുപാടുകൾ സംഭവിച്ചു. ഒരു സഹായവും അധികാരികളുടെ ഭാഗത്തുനിന്നും ലഭിച്ചില്ലെന്ന് വീട്ടമ്മയായ മോളമ്മ പറഞ്ഞു.
മേൽകൂരയില്ലാത്ത അടുക്കളയിൽനിന്ന് ഭക്ഷണം പാകം ചെയ്യുന്പോൾ മഴ പെയ്താൽ കുടയും ചൂടി നിൽക്കേണ്ട ഗതികേടിലാണ് ഈ കുടുംബം. കൂലിപ്പണിക്കാരനായ വിജയൻ കരൾ സംബന്ധമായ ചികിത്സയിലായതിനാൽ ഭാര്യയുടെ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്.
പത്ത് സെന്റ് സ്ഥലം ഇവർക്ക് സ്വന്തമായിട്ടുണ്ടെങ്കിലും ഭൂമിക്ക് പട്ടയം ഇല്ലാത്തതിനാൽ ബാങ്ക് വായ്പയും സർക്കാരിന്റെ മറ്റ് സഹായങ്ങളും ലഭിക്കുന്നില്ല. അഞ്ച് പതിറ്റാണ്ടുകളായി വിജയനും കുടുംബവും ഇവിടെ താമസിച്ചുവരുന്നു. മഴക്കെടുതിയിൽ തകർന്ന വീടിനുപകരം മറ്റൊരു വീടു നിർമിക്കാനുള്ള സഹായത്തിനായി മോളമ്മ ഗ്രാമസേവകനെ സമീപിച്ചപ്പോൾ എട്ട് വർഷമായി ഇവിടെ സ്ഥിരതാമസമാണെന്നുള്ള വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ 25 വർഷമായി ഇവിടെ താമസിക്കുന്നതിന്റെ സർട്ടിഫിക്കറ്റും കൈവശാവകാശ രേഖയും സമർപ്പിച്ചെങ്കിലും പിന്നീട് യാതൊരു നടപടികളും ഉണ്ടായില്ലെന്ന് മോളമ്മ പറയുന്നു. പട്ടയം ഇല്ലാത്തതിന്റെ പേരിൽ ലൈഫ് പദ്ധതിയിൽ പോലും വീട് ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം ഇതേ വാർഡിൽ തന്നെ പട്ടയം ലഭിക്കാത്ത പലർക്കും ലൈഫ് പദ്ധതിയിൽ വീട് നൽകിയെന്നും ഈ വീട്ടമ്മ ആരോപിക്കുന്നു.
എണ്ണയ്ക്കാച്ചിറ കുളത്തിന് സമീപം താമസിക്കുന്ന 55 കുടുംബങ്ങൾക്ക് ഇനിയും പട്ടയം ലഭിക്കേണ്ടതുണ്ട്. പല പ്രാവശ്യം ഇവർ ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകിയെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. പട്ടികജാതി, പിന്നാക്ക ജനവിഭാഗങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തെ മുഴുവൻ പട്ടയരഹിതർക്കും പട്ടയം ലഭ്യമാക്കണമെന്നും കാലവർഷകെടുതിയിൽ വീട് നഷ്ടപ്പെട്ട വിജയന്റെ കുടുംബത്തിന് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിക്കണമെന്നും ഇത്തിത്താനം വികസനസമിതി യോഗം ആവശ്യപ്പെട്ടു. ഈ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചു.