പേരാമ്പ്ര : ചെങ്ങോടുമല ഖനനം സംബന്ധിച്ച് പഠിക്കാൻ ജില്ലാ കളക്ടർ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ സന്ദർശനം പ്രഹസനമായി. എൻഐടി, സെസ്, സിഡബ്ല്യുആർഡിഎം, ഫോറസ്റ്റ്, ജിയോളജി വകുപ്പുകളിലെ സംഘമാണ് തിങ്കളാഴ്്ച ഉച്ചയോടെ ചെങ്ങോടുമലയിലെത്തിയത്. ഒരു മണിക്കൂറിനുള്ളിൽ പഠനം പൂർത്തിയാക്കി അവർ മടങ്ങുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് അധികൃതരെയോ സമരസമിതി പ്രവർത്തരെയോ അറിയിക്കാതെയാണ് സംഘമെത്തിയത്.
ചെങ്ങോടുമലയിലെ വെള്ളത്തിന്റെ ലഭ്യത, മണ്ണിന്റെ ഘടന, ജൈവ വൈവിധ്യം, ഉരുൾപൊട്ടൽ ഭീഷണി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിദഗ്ധ പഠനം വേണമെന്നാണ് സമരസമിതി ആവശ്യപ്പെട്ടത്. എന്നാൽ തിങ്കളാഴ്ച വന്ന വിദഗ്ധ സംഘം മല മുഴുവൻ കാണാൻ തയാറായില്ലെന്ന് മാത്രമല്ല, പാറപൊട്ടിച്ചില്ലെങ്കിൽ നിങ്ങൾക്ക് കല്ല് വേണ്ടേ എന്ന ചോദ്യമാണ് നാട്ടുകാരോട് ചോദിച്ചത്. ചെങ്ങോടുമലയിലെ ജലസമൃദ്ധമായ കിണർ, ജൈവ വൈവിധ്യം, ഉരുൾപൊട്ടൽ നടന്ന സ്ഥലം ഇതൊന്നും കാണാൻ സംഘം കൂട്ടാക്കിയില്ല.
പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസ് നിലവിലിരിക്കെയാണ് ഡിആന്റ്ഒലൈസൻസ് സംഘടിപ്പിക്കാൻ ചീഫ് സെക്രട്ടറി ഉൾപ്പെടെ ഇടപെട്ട് അനധികൃത നീക്കം നടത്തുന്നത്. ഈ മാസം 12 ന് ചേരുന്ന ജില്ലാ ഏകജാലക ബോർഡിൽ ഡിആന്റ്ഒ ലൈസൻസ് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തിങ്കളാഴ്ചത്തെ വിദഗ്്ധ സംഘത്തിന്റെ സന്ദർശനമെന്ന് സംശയിക്കണം. ഗ്രാമപഞ്ചായത്ത് തള്ളിയ അപേക്ഷയാണിത്.