ചങ്ങനാശേരി: മഴ തിമിർക്കുന്നു. കൊടുങ്കാറ്റ് വീശിയടിക്കുന്നു. മലവെള്ളം പാഞ്ഞ് എത്തുന്നു. നാടെങ്ങും വെള്ളപ്പൊക്ക ദുരിതത്തിൽ. ചങ്ങനാശേരി താലൂക്കിലെ അഞ്ഞൂറിലേറെ വീടുകൾ വെള്ളത്തിലായി.
കുട്ടനാട്, അപ്പർകുട്ടനാട് മേഖലകൾ വെള്ളത്തിൽ മുങ്ങുകയാണ്. ജനങ്ങൾ അതീവ ആശങ്കയിലായി. ചങ്ങനാശേരി താലൂക്കിൽ അഞ്ച് ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. എഴുപത് കുടുംബങ്ങളിലെ മുന്നൂറോളം പേരെ ക്യാന്പുകളിലേക്ക് പുനരധിവസിപ്പിച്ചു. പൂവം, നക്രാൽ, കോമങ്കേരിച്ചിറ, അംബേദ്കർ കോളനി, പറാൽ, വെട്ടിത്തുരുത്ത്, കുമരങ്കരി, ചീരഞ്ചിറ, മുളക്കാംതുരുത്തി പ്രദേശങ്ങളിലാണ് ജലനിരപ്പുയർന്നത്.
ചങ്ങനാശേരി-ആലപ്പുഴ റോഡിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിലായി. ഇതേതുടർന്ന് ഈ റോഡിൽ ഗതാഗതം താറുമാറായി. ഈ റൂട്ടിൽ നിരവധി സർവീസുകൾ റദ്ദുചെയ്തതിനെ തുടർന്ന് അതിരൂക്ഷമായ യാത്രാക്ലേശമാണ് നേരിട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് ചങ്ങനാശേരിയിൽനിന്നു കെഎസ്ആർടിസി ബസുകൾ പള്ളിക്കൂട്ടുമ്മ വരെ മാത്രമാണ് സർവീസ് നടത്തിയത്.
വാഹനങ്ങൾ കടന്നു പോകു ന്പോൾ റോഡരികിലെ വീടു കളിൽ വെള്ളം ഇരച്ചുകയറുന്നതുമൂലം വീടുകൾക്ക് നാശം നേരിടുമെന്ന പരാതിയുമായി എസി കോളനിയിലെ ജനങ്ങൾ രംഗത്തിറങ്ങിയതാണ് വാഹനസഞ്ചാരത്തെ ബാധിച്ചത്. ചങ്ങനാശേരി പോലീസ് ജാഗ്രതാ നിർദേശവുമായി വെള്ളപ്പൊക്ക മേഖലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്.