കടുത്തുരുത്തി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുവാക്കൾ പണം സ്വരൂപിച്ചത് കല്ല് ചുമന്ന്. ചെങ്കല്ല് ചുമന്ന് കിട്ടിയ 41,317 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുവാക്കൾ കൈമാറി.
റീ സൈക്കിൾ കേരളയുടെ ഭാഗമായാണ് ഡിവൈഎഫ്ഐ പെരുവ കാരിക്കോട് മേഖലാ കമ്മിറ്റികളിലെ ചെറുപ്പക്കാർ കാരിക്കോട് ഭാഗത്തുള്ള ചെങ്കല്ല് മടയിൽ നിന്ന് വെട്ടിയ കല്ലുകൾ വിവിധ പ്രദേശങ്ങളിൽ നിന്ന് വാങ്ങാനെത്തിയവരുടെ ലോറിയിൽ ചുമന്ന് കയറ്റി കൊടുത്തത്.
37 ലോഡ് കല്ലുകൾ ലോറിയിൽ കയറ്റിയതിന് ലഭിച്ച 41,317 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. 35 പേരോളം ചേർന്ന് രാവിലെ മുതൽ വൈകുന്നേരം വരെ കഠിനാധ്വാനം ചെയ്താണ് ഇത്രയും പണം സ്വരൂപിച്ചത്.
ബ്ലോക്ക് സെക്രട്ടറി ടി.എസ്. ശരത്തിന്റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റിയംഗം എസ്.ഡിപിൻ, മേഖലാ സെക്രട്ടറിമാരായ കെ.എസ്. അരുണ്‍, കെ.ബി. അനൂപ്, മേഖലാ പ്രസിഡന്റുമാരായ സി.ജെ. അജിത്ത്, അഭിജിത്ത് സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.