കൊല്ലം: ചെങ്കോട്ട -കൊല്ലം പാതയിലെ ഭഗവതിപുരത്തിനും ഇടമണിനും മധ്യേ ഐസിഎഫ് കോച്ചുകൾ ഉപയോഗിച്ച് നടത്താനിരുന്ന ട്രയൽ റൺ റെയിൽവേ അധികൃതർ മാറ്റി വച്ചു.
ഇതിന് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും അധികൃതർ വ്യക്തമാക്കിയിട്ടില്ല. എന്നാൽ പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി മധുര ഡിവിഷനിൽ എത്തിച്ച കോച്ചുകൾ അയോധ്യയിലേക്കുള്ള ആസ്ത സ്പെഷൽ ട്രെയിനുവേണ്ടി ഉപയോഗിക്കുന്നത് കാരണമാണ് ട്രയൽ റൺ മാറ്റിവച്ചതെന്നാണ് വിവരം.
ഇനി അടുത്ത മാസം ആദ്യവാരത്തിലേ ട്രയൽ റൺ ഉണ്ടാകുകയുള്ളൂ എന്നാണ് അധികൃതർ നൽകുന്ന സൂചന.ഇപ്പോഴത്തെ ട്രയൽ റണ്ണിന് മുന്നോടിയായുള്ള നടപടികൾ എല്ലാം ഈ മാസം ഒന്നു മുതൽ റെയിൽവേ മധുര ഡിവിഷനിൽ ആരംഭിച്ചിരുന്നു.
ലക്നൗവിലെ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ മേൽനോട്ടത്തിൽ ഐസിഎഫ് കോച്ചുകളും മധുര ഡിവിഷനിൽ എത്തിക്കുകയുണ്ടായി. ഇവയാണ് ഇപ്പോൾ ആസ്ത സ്പെഷലായി ഓടിക്കാൻ തീരുമാനിച്ചത്.
പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ഭാഗമായി മധുര ഡിവിഷനിൽ ഈ മാസം ഒന്നു മുതൽ 28 വരെ നടത്തേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള സ്പെഷൽ ഷെഡ്യൂളും തയാറാക്കിയിരുന്നു.
എസ്.ആർ. സുധീർ കുമാർ