എം.വി. അബ്ദുൾ റൗഫ്
തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടന്ന ഡിഎൻഎ പരിശോധനയിൽ മൃതദേഹ അവശിഷ്ടങ്ങൾ സെയ്ദാലിയുടേതാണെന്ന് വ്യക്തമായി.
ഒരാഴ്ച മുമ്പ് പരിശോധനാ ഫലം പുറത്ത് വന്നതോടെ മൊബൈൽ ഫോൺ മോഷണ കേസിൽ വാറണ്ടായ സാദിഖ് അലിയെ ആസാമിലെത്തി ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരളഴിഞ്ഞത്.
കൊലയും പണവും
സെയ്താലി യെ കൊലപ്പെടുത്തിയത് പണത്തിന് വേണ്ടിയാണെന്നാണ് സാദിഖ് അലി പോലീസിനോട് കുറ്റസമ്മതം നടത്തിയത്. ആലുവയിൽ സ്വർണപണിക്കാരനായിരുന്ന സാദിഖ് അലി മറ്റൊരു തൊഴിൽ തേടിയാണ് ഊരത്തൂരിലെത്തിയത്.
സെയ്ദാലിയാണ് താൻ ജോലി ചെയ്യുന്ന ചെങ്കൽ ക്വാറിയിൽ സാദിഖ് അലിക്ക് പണി ഏർപ്പാടാക്കി നൽകിയത്. ജോലി ചെയ്ത് ലഭിക്കുന്ന തുകയിൽ 3000 രൂപ ആഴ്ചതോറും സെയ്ദാലി വീട്ടിലേക്ക് അയക്കാറുണ്ടായിരുന്നു.
ബാക്കി തുക ക്വാർട്ടേഴ്സിലെ ഭണ്ഡാരത്തിൽ സൂക്ഷിക്കുകയായിരുന്നു പതിവ്. ഇത്തരത്തിൽ ഒരു ലക്ഷത്തോളം രൂപ ഭണ്ഡാരത്തിലുണ്ടായിരുന്നതായി പോലീസ് പറയുന്നു.
2018 ജനുവരി 26 ന് രാത്രി സെയ്ദാലിയുടെ പണം സാദിഖ് അലി മോഷ്ടിക്കാൻ ശ്രമിക്കുന്നത് സെയ്ദാലി കാണുകയും തുടർന്ന് സാദിഖ് അലി സെയ്ദാലിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പോലീസ് കണ്ടെത്തിയത്.
അർധ രാത്രിയോടെ 150 മീറ്ററോളം അകലെയുള്ള ചെങ്കൽ ക്വാറിയിൽ മൃതദേഹവും വസ്ത്രങ്ങളും കുഴിച്ചിടുകയും ചെയ്തു.
പുലർച്ചെ ആറോടെ സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളോട് താനും സെയ്ദാലിയും ആസാമിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇയാൾ നാട്ടിലേക്ക് പോയി.
കുരുങ്ങിയ മൊഴികൾ
സാദിഖ് അലിയുടെ പരസ്പര വിരുദ്ധമായ മൊഴികളാണ് അറസ്റ്റിലേക്ക് നയിച്ചത്. ഊരത്തൂരിൽ ഇവർ താമസിച്ചിരുന്ന ക്വാർട്ടേഴ്സിന് സമീപം താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളോട് കൊലപാതകം നടത്തിയതിന്റെ പിറ്റേന്ന് പുലർച്ചെ താനും സെയ്ദാലിയും ആസാമിലേക്ക് പോവുകയാണെന്നാണ് സാദിഖ് അലി പറഞ്ഞിരുന്നത്.
മുറിക്ക് അകത്തായിരുന്ന ഇവർ പുറത്തിറങ്ങുന്നതിന് മുന്നേ സാദിഖ് അലി ഇവിടുന്ന് പോവുകയും ചെയ്തു. പോലിസ് അന്വേഷണം നടന്നാൽ വഴിതെറ്റിക്കാനായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നത്.
പോലീസ് ആദ്യം ചോദ്യം ചെയതപ്പോൾ സമീപത്തെ ക്വാർട്ടേഴ്സിലുണ്ടായിരുന്നവർ ഇത്തരത്തിൽ തന്നെയാണ് മൊഴി നൽകിയിരുന്നതും.
എന്നാൽ മൊബൈൽ ഫോൺ മോഷണം നടത്തിയ വാറണ്ട് കേസിൽ ഒരാഴ്ച മുമ്പ് ഇയാളെ പിടികൂടിയപ്പോൾ രണ്ട് വർഷം മുമ്പ് നൽകിയ മൊഴിയിൽ നിന്ന് വ്യത്യസ്തമായി താൻ തനിച്ചാണ് ഊരത്തൂരിലെ ക്വാർട്ടേഴ്സിൽ നിന്ന് ആസാമിലേക്ക് പോയതെന്ന് ഉൾപ്പെടെയുള്ള വൈരുധ്യം നിറഞ്ഞ മൊഴി നൽകിയതാണ് പ്രതിയെ കുടുക്കിയത്.
ആസാമിൽ സ്വർണക്കട
മോഷ്ടിച്ച പണം ആസാമിലെ ഇയാളുടെ വീടിന് സമീപത്ത് താമസിക്കുന്ന പെൺകുട്ടിയുടെ അക്കൗണ്ടിലേക്കാണ് അയച്ചതെന്ന് പോലീസ് കണ്ടെത്തി. ഈ പണം ഉപയോഗിച്ച് ഇവിടെ ചെറിയ സ്വർണക്കടയും ആരംഭിച്ചിരുന്നു.
( അവസാനിച്ചു).