ചെന്നൈ: കാത്തിരിപ്പുകൾക്കു വിരാമം. ഐഎസ്എൽ ഫൈനൽ ചിത്രം തെളിഞ്ഞു. ഫൈനലിൽ ബംഗളൂരു എഫ്സിയും ചെന്നൈയിൻ എഫ്സിയും ഏറ്റുമുട്ടും. ശനിയാഴ്ച ബംഗളൂരുവിലാണ് കിരീടപോരാട്ടം.
ചെന്നൈയിലെ മറീന അരീനയിൽ ഇന്നലെ നടന്ന രണ്ടാം പാദ സെമിയിൽ 3-0ന് എഫ്സി ഗോവയെ കീഴടക്കിയാണ് ചെന്നൈയിൻ ഫൈനൽബർത്ത് ഉറപ്പിച്ചത്. ഗോവയിൽ നടന്ന ആദ്യപാദ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞതിനാൽ ചെന്നൈയിന്റെ ജയം ഇരുപാദങ്ങളിലുമായി 4-1 ആണ്.
ജെജെയുടെ ഇരട്ടഗോളാണ് രണ്ടാം പാദത്തിൽ ചെന്നൈയിന് ഏകപക്ഷീയ ജയം ഒരുക്കിയത്. 26, 90 മിനിറ്റുകളിലായിരുന്നു ജെജെയുടെ ഗോൾ. ധനപാൽ ഗണേഷും (29-ാം മിനിറ്റ്) ചെന്നൈയിനായി ലക്ഷ്യംകണ്ടു. ഐഎസ്എലിൽ ഇതു രണ്ടാം തവണയാണ് ചെന്നൈയിൻ എഫ്സി ഫൈനലിൽ പ്രവേശിക്കുന്നത്. 2015ൽ നടന്ന ഫൈനലിൽ എഫ്സി ഗോവയെ രണ്ടിനെതിരേ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് ചെന്നൈയിൻ കിരീടം നേടിയിരുന്നു.
ആദ്യപാദത്തിൽ ഗോവയിൽ ഗോളടിച്ചതിന്റെ മുൻതൂക്കം ചെന്നൈയിന് ഉണ്ടായിരുന്നെങ്കിലും അതൊന്നും കണക്കാക്കാതെയാണ് വീണ്ടും മൂന്നു ഗോളുകൾകൂടി അടിച്ച് വ്യക്തമായ വിജയം നേടിയത്. വിജയമല്ലാതെ മറ്റൊന്നും തങ്ങളെ ഫൈനലിലെത്തിക്കില്ല എന്നറിയാവുന്ന ഗോവ നിരന്തരം ആക്രമിച്ചെങ്കിലും ചെന്നൈയിന്റെ കാവൽക്കാരനായ ഗോളി കരണ്‍ജിത് സിംഗ് കുലുങ്ങിയില്ല.
കളിയുടെ ആദ്യ 20 മിനിറ്റ് ഗോവയായിരുന്നു ഗ്രൗണ്ട് നിറഞ്ഞ് കളിച്ചത്. 20 മിനിറ്റിനുള്ളിൽ ഗോവ നേടിയെടുത്തത് ഏഴ് കോർണർ കിക്കുകളാണ്. ഗോവയുടെ സ്പാനിഷ് താരങ്ങളായ കോറോയും ലാൻസറോട്ടെയും ചെന്നൈ പ്രതിരോധത്തെ തുടർച്ചയായി സമ്മർദത്തിലാക്കി. തുടക്കത്തിൽ ഒരു സെൽഫ് ഗോളിൽനിന്നും രക്ഷപ്പെട്ട ചെന്നൈയിനു ഗോളി കരണ്‍ജിത് സിംഗിന്റെ കൃത്യമായ ഇടപെടലുകളും തുണയായി.
എന്നാൽ, പിന്നീടങ്ങോട്ട് ചെന്നൈയിന്റെ വിളയാട്ടമായിരുന്നു. ഗോവയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് ആദ്യഗോൾ വീണത്. ഇടതുവിംഗിലൂടെ കയറിയ ഗ്രിഗറി നെൽസണ്‍ നൽകിയ ക്രോസിൽ ജെജെ കൃത്യമായി തലവച്ച് ഗോവയുടെ വല കുലുക്കി. മൂന്നു മിനിറ്റിനുള്ളിൽ വീണ്ടും ഗോവയുടെ വല കുലുങ്ങി.
ഇപ്രാവശ്യവും ഗ്രഗറി നെൽസണ്‍ തന്നെയായിരുന്നു ഗോളിന് വഴിവച്ചത്. അദ്ദേഹത്തിന്റെ ഫ്രീകിക്ക് ബോക്സിലേക്ക് പറന്നിറങ്ങിയപ്പോൾ ധനപാൽ ഗണേഷ് തലകൊണ്ട് ചെത്തി വലയിലിട്ടു. അതുവരെയുള്ള ഗോവയുടെ ശക്തി ചോർത്തുന്നതായിരുന്നു ആ രണ്ടു ഗോളുകളും. 90-ാം മിനിറ്റി ൽ ജെജെ ഗോവയുടെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചു.