ചെന്നൈ: അതിശക്തമായ മഴയിലും പ്രളയത്തിലും ദുരിതത്തിലായി തെക്കൻ തമിഴ്നാട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത തിരുനെൽവേലി, തൂത്തുക്കൂടി, തെങ്കാശി, കന്യാകുമാരി ജില്ലകളിൽ ഇന്നു മഴയുടെ ശക്തി കുറയുമെന്നാണ് റിപ്പോർട്ട്.
തിരുനെൽവേലി, തൂത്തുക്കൂടി ജില്ലകൾക്ക് ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. തെങ്കാശി, കന്യാകുമാരി ജില്ലകളിലെ സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്.
23 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. കേരളത്തിലേക്ക് സർവീസ് നടത്തുന്ന മൂന്ന് ട്രെയിനുകളും റദ്ദാക്കിയവയിലുൾപ്പെടുന്നു. അഞ്ച് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ഒന്നര ദിവസമായി ശ്രീവൈകുണ്ഠത്ത് ട്രെയിനിൽ കുടുങ്ങിയവർക്ക് ഭക്ഷണം എത്തിക്കാൻ ശ്രമവും തുടരുകയാണ്.
തിരുച്ചെന്തൂരിൽനിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനിലെ അഞ്ഞൂറിലേറെ യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ ഇതുവരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാൻ കഴിഞ്ഞിട്ടില്ല. മഴക്കെടുതിയിൽ ഇതുവരെ രണ്ടു പേർ മരിച്ചതായാണ് റിപ്പോർട്ട്.
പ്രളയത്തിൽ അടിയന്തരയോഗം വിളിച്ച് ഗവർണർ ആർ.എൻ. രവി. കേന്ദ്ര ഏജൻസികളുടെയും സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥറുടെയും യോഗം ഇന്നു രാജ്ഭവനിൽ ചേരും.
ഇന്ത്യ മുന്നണി യോഗത്തിനായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഡൽഹിയിലേക്കു പോയതിനുപിന്നാലെയാണ് ഗവർണറുടെ അസാധാരണ നടപടി. കേന്ദ്രസഹായം തേടി രാവിലെ പ്രധാനമന്ത്രിയെ കാണുമെന്ന് സ്റ്റാലിൻ അറിയിച്ചിട്ടുണ്ട്.