തൊണ്ട നനയ്ക്കാന്‍ ഒരിറ്റു വെള്ളം കിട്ടാതെ വലഞ്ഞ് ചെന്നൈയിലെ ജനങ്ങള്‍. റേഷന്‍കാര്‍ഡ് അടിസ്ഥാനപ്പെടുത്തി വെള്ളം തരാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാലിക്കാതെ വന്നതോടെ പ്രതിഷേധവുമായി ആളുകള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. ഒരുതുള്ളി വെള്ളം കിട്ടാന്‍ കയ്യില്‍ കിട്ടിയ കന്നാസും പ്ളാസ്റ്റിക് കുപ്പികളും പാത്രങ്ങളുമായി ജനം കാത്തിരിപ്പാണ്. അപ്പോഴാണ് റേഷന്‍കാര്‍ഡ് പ്രകാരം ആളെണ്ണി വെള്ളം തരാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം. അതും പാഴായതോടെ ജനരോഷം ഇരമ്പി. മണിക്കൂറുകളോളം കാത്തുകെട്ടി കിടന്നാലും കിട്ടുന്നത് 2 ബക്കറ്റ് വെളളം മാത്രം. അത് ഒന്നിനും തികയില്ലെന്നും ജനം പരിഭവിക്കുന്നു.
ഡിഎംകെ ആണ് ചെന്നൈയിലെ തെരുവുതോറും പ്രതിഷേധം ഏറ്റെടുത്തിരിക്കുന്നത്. കാലവര്‍ഷം കനിയാത്തതുതന്നെയാണ് ജലലഭ്യതയെ ബാധിച്ചിരിക്കുന്നതെന്ന് ജനത്തിനും അറിയാം. സംസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കുന്നതിനു സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ജയില്‍ നിറയ്ക്കല്‍ സമരം നടത്തുമെന്ന് ഡിഎംകെ മുന്നറിയിപ്പു നല്കി. ഇന്നലെ ചെന്നൈയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിന് സര്‍ക്കാരിനു ശക്തമായ മുന്നറിയിപ്പു നല്കി. കാലി കുടങ്ങള്‍ കയ്യിലേന്തി സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പ്രതിഷേധം.
കാലവര്‍ഷം കനിയാത്തതുതന്നെയാണ് ജലലഭ്യതയെ ബാധിച്ചിരിക്കുന്നതെന്ന് ജനത്തിനും അറിയാം. പക്ഷെ ജനം വലയുമ്പോള്‍ മന്ത്രിമാര്‍ക്ക് യഥേഷ്ടം ടാങ്കറില്‍ വെള്ളമെത്തുന്നു. ഇതാണ് അവരെ പ്രകോപിതരാക്കുന്നത്. മഴ കിട്ടാന്‍ മധുരയുള്‍പ്പടെ ചെന്നൈയുടെ പലഭാഗങ്ങളിലും പ്രാര്‍ത്ഥനായഞ്ജം തുടരുകയാണ്. എല്ലാ വര്‍ഷവും മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ ജലക്ഷാമം പതിവാണ്. എന്നാല്‍ ഇത്തവണ സ്ഥിതി വളരെ ഗുരുതരമാണ്. ഏറെക്കാലത്തിനു ശേഷമാണു നഗരത്തില്‍ ജലക്ഷാമം ഇത്രകണ്ട് രൂക്ഷമാകുന്നതെന്നു നഗരവാസികള്‍ പറയുന്നു.
കിട്ടുന്ന ജലം കരുതലോടെ ഉപയോഗിക്കാന്‍ ആവുന്ന വിദ്യകളെല്ലാം പയറ്റുകയാണു ചെന്നൈ നിവാസികള്‍. നാലു കൊല്ലം മുന്‍പ് പ്രളയത്തില്‍ മുങ്ങിയ നഗരം ഇപ്പോള്‍ ഓരോ തുള്ളി ജലത്തിനും കണക്കുവയ്ക്കുന്നു. വെള്ളമില്ലാത്തതു കാരണം നിരവധി ഹോട്ടലുകളാണ് ചെന്നൈയില്‍ പൂട്ടിയത്. ജലക്ഷാമം അതിരൂക്ഷമായ പ്രദേശങ്ങളില്‍ നിന്നു ജനങ്ങള്‍ താമസം മാറി. പലയിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും സ്കൂളുകള്‍ പ്രവൃത്തി സമയം കുറയ്ക്കുകയും ചെയ്തു.