ചെന്നൈ: ടി നഗറിലെ വസ്ത്രശാലയിലുണ്ടായ തീപിടിത്തം നിയന്തണ വിധേയമാക്കി. ചെന്നൈയിലെ ചെന്നൈ സിൽക്ക്സ് ഷോറൂമിലാണ് ബുധനാഴ്ച പുലർച്ചെ 4.30ഓടെ തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ അടിനിലയിൽ നിന്ന് പുക ഉയരുന്നത് കണ്ട സുരക്ഷാ ഗാർഡ് ആണ് വിവരം അഗ്നിശമന സേനയെ അറിയിച്ചത്. തീപിടിത്തത്തിൽ കെട്ടിടം പൂർണമായും കത്തിനശിച്ചു. തീപിടുത്തമുണ്ടായപ്പോൾ കെട്ടിടത്തിന്റെ ഏഴാം നിലയിൽ പ്രവർത്തിക്കുന്ന കാന്റീനിൽ 12 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവർ സ്കൈലിഫ്ട് വഴി സുരക്ഷിതരായി രക്ഷപ്പെട്ടു.
കെട്ടിടം ഏതുനിമിഷവും തകർന്നു വീഴവുന്ന അവസ്ഥയിലായതിനാൽ സമീപ പ്രദേശങ്ങളിൽ നിന്നു ആളുകളെ ഒഴിപ്പിക്കുകയാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. 15 ഫയർ എൻജിനുകൾക്ക് പുറമേ സ്വകാര്യ വാട്ടർ ടാങ്കുകളും സ്ഥലത്തെത്തിച്ചാണ് എട്ട് മണിക്കൂറിന് ശേഷം തീയണച്ചത്.