കേരളത്തില്‍ ആളുകള്‍ ഇപ്പോള്‍ മഴയുടെ ദുരിതങ്ങളെ പഴിക്കുമ്പോള്‍ ദാഹജലമില്ലാതെ വലയുകയാണ് ചെന്നൈ നിവാസികള്‍. ഇവിടെ അവസാനമായി മഴ ലഭിച്ചിട്ട് ആറുമാസം പിന്നിട്ടിരിക്കുന്നു.കൃത്യമായി പറഞ്ഞാല്‍ 193 ദിവസം. വീടുകളിലും ഓഫീസുകളിലും സ്കൂളുകളിലും എന്നുവേണ്ട എല്ലായിടത്തും വെള്ളമാണ് ചര്‍ച്ചാ വിഷയം.
ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയുന്നതു തുടരുന്നതിനിടെ, ഇനിയും മഴ നീണ്ടുപോയാല്‍ സ്ഥിതി എവിടെയെത്തി നില്‍ക്കുമെന്ന ആശങ്കയിലാണു അധികൃതര്‍. ഇന്നലെ ആകാശം മേഘാവൃതമായതും ഒരാഴ്ചയ്ക്കുള്ളില്‍ മഴ ലഭിക്കുമെന്ന കാലാവസ്ഥാ പ്രവചനത്തിലുമാണ് ഇനി പ്രതീക്ഷ. ജലക്ഷാമത്തെത്തുടര്‍ന്ന് ചെറുകിട ഹോട്ടലുകളില്‍ പലതും പൂട്ടിക്കെട്ടി. ജലക്ഷാമം കഴിയുന്നത് വരെ തുറക്കില്ലെന്ന് പല ഹോട്ടലുകളുടെയും മുമ്പില്‍ ബോര്‍ഡും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
നഗരത്തില്‍ പതിനായിരത്തോളം ഇടത്തരം, ചെറുകിട ഹോട്ടലുകളുണ്ടെന്നാണു കണക്ക്. ജലക്ഷാമം രൂക്ഷമായതിനാല്‍ സ്വകാര്യ ടാങ്കറുകള്‍ വന്‍തോതില്‍ വില കൂട്ടിയതാണു ഇവരെ പ്രതിസന്ധിയിലാക്കുന്നത്. നേരത്തെ നല്‍കിയതിന്റെ അഞ്ചിരട്ടി വരെയാണ് ഇപ്പോള്‍ വെള്ളത്തിനായി നല്‍കേണ്ടിവരുന്നത്. ഇതു നഷ്ടത്തിനു കാരണമാകുന്നു. ഇത്രയും വില നല്കി വെള്ളം വാങ്ങുന്നതിനേക്കാള്‍ ഭേദം ഹോട്ടലുകള്‍ അടച്ചിടുന്നതാണെന്നു ഹോട്ടല്‍ ഉടമകള്‍ പറയുന്നു.
നേരത്തെ ചെറുകിട ഹോട്ടലുകാര്‍ വെള്ളത്തിനായി മാസം 20,000 രൂപവരെയാണു ചെലവാക്കിയിരുന്നത്. ഇപ്പോള്‍ 10 ദിവസത്തേക്കു തന്നെ ഇത്രയും പണം നല്‍കേണ്ടിവരുന്നു. ഇടത്തരം ഹോട്ടലുകളില്‍ വെള്ളത്തിനു മാത്രം ലക്ഷത്തിലേറെ രൂപയാണു ചെലവാകുന്നത്. വന്‍കിട ഹോട്ടലുകള്‍ക്കും പ്രശ്നമുണ്ടെങ്കിലും പ്രവര്‍ത്തനം ബാധിച്ചു തുടങ്ങിയിട്ടില്ല. ജലക്ഷാമം രൂക്ഷമായതോടെ വെള്ളം സംരക്ഷിക്കാന്‍ ഹോട്ടലുകള്‍ പലതും ശുചിമുറികള്‍ വരെ അടച്ചിട്ടിരിക്കുകയാണ്. കൈ കഴുകാനായി വാഷ് ബേസിനുകള്‍ക്കു പകരം പല ഹോട്ടലുകളും ചെറിയ പാത്രത്തിലാണു വെള്ളം നല്‍കുന്നത്. പാഴാകുന്ന വെള്ളത്തിന്റെ അളവ് കുറക്കാന്‍ ഇതു സഹായിക്കുമെന്നു ഹോട്ടലുകാര്‍ പറയുന്നു.
പല ഹോട്ടലുകളും ഉച്ചയൂണ് ഒഴിവാക്കുകയും ചെയ്തു. ജലക്ഷാമത്തെത്തുടര്‍ന്നു ഹോട്ടലുകള്‍ പൂട്ടുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടു ഹോട്ടല്‍ ഉടമസ്ഥ കൂട്ടായ്മ ഇന്നലെ മന്ത്രി എസ്.പി.വേലുമണിയുമായി ചര്‍ച്ച നടത്തി. കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളിലെ കിണറുകളില്‍ നിന്നു നേരിട്ടു ജലം ശേഖരിക്കാന്‍ അനുമതി നല്‍കണമെന്നു ഇവര്‍ മന്ത്രിയോടു ആവശ്യപ്പെട്ടു. നിലവില്‍ സ്വകാര്യ ടാങ്കറുകളെ ആശ്രയിക്കേണ്ടിവരുന്നതിനാല്‍ അവര്‍ അമിത വില ഈടാക്കുന്നുവെന്നാണു പരാതി.
കുടുംബമില്ലാതെ നഗരത്തില്‍ ഒറ്റയ്ക്കു താമസിക്കുന്നവരുടെ പ്രധാന ഇടമായ മാന്‍ഷനുകളും ജലക്ഷാമത്തെത്തുടര്‍ന്നു വന്‍ പ്രതിസന്ധിയിലാണ്. നഗരത്തില്‍ ഏറ്റവും കൂടുതല്‍ മാന്ഷനുകളുള്ളത് ട്രിപ്ലിക്കേന്‍, ചെപ്പോക്ക്, റോയപ്പേട്ട എന്നിവിടങ്ങളിലാണ്. പല മാന്‍ഷനുകളും തല്‍ക്കാലത്തേക്കു പൂട്ടിക്കഴിഞ്ഞു. രണ്ടു പേര്‍ക്കു നല്‍കിയിരുന്ന മുറികള്‍ ഇപ്പോള്‍ ഒറ്റ താമസക്കാര്‍ക്കു മാത്രമാണു നല്‍കുന്നത്. പല മാന്‍ഷനുകളും വാടക കൂട്ടി. നേരത്തെയും സ്വകാര്യ ടാങ്കറുകളെയാണു മാന്‍ഷനുകള്‍ വെള്ളത്തിനായി ആശ്രയിച്ചിരുന്നത്. നേരത്തെ 12,000 ലീറ്റര്‍ വരുന്ന ടാങ്കറിനു 1,200 രൂപവരെയാണു ഈടാക്കിയിരുന്നത്. നിലവില്‍ ഇതു 7,000 മുതല്‍ 10,000 രൂപവരെയാണ്.
ഇതു കൂടാതെ ചെന്നൈ ഉള്‍പ്പെടെ 10 ജില്ലകളില്‍ രണ്ടു ദിവസം ചൂടുകാറ്റ് വീശുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഭൂഗര്‍ഭ ജലത്തിന്റെ തോത് വല്ലാതെ കുറഞ്ഞതും ആശങ്കയ്ക്കിടയാക്കുന്നു. രണ്ടു ദിവസം കൂടി ഈ മഴയില്ലായ്മ നീണ്ടു നിന്നാല്‍ 10 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മഴയില്ലാത്ത വര്‍ഷമായി ഇതു മാറും. ചെന്നൈയില്‍ മഹാപ്രളയം സംഭവിച്ച 2015നു മുന്‍പ് ഇതേ രീതിയില്‍ മഴയില്ലായ്മ നഗരത്തെ വീര്‍പ്പുമുട്ടിച്ചിരുന്നു. അന്ന് മഴയില്ലാത്ത തുടര്‍ച്ചയായ 193 ദിവസങ്ങള്‍ക്കു ശേഷമാണു നിര്‍ത്താതെ മഴ പെയ്തത്. തെലങ്കാനയില്‍ മഴക്കാലമെത്തുന്ന 19നു ശേഷം ചെന്നൈ ഉള്‍പ്പെടെ വടക്കന്‍ തമിഴ്നാട്ടില്‍ മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ പ്രവചനം. ഈ റിപ്പോര്‍ട്ടില്‍ ആശ്വാസം കണ്ടെത്തുകയാണ് ചെന്നൈ നിവാസികള്‍ ഇപ്പോള്‍.