ചെന്നൈ: കോവിഡ് വാര്‍ത്തകള്‍ പുറംലോകത്തെ അറിയിക്കാൻ അഹോരാത്രം ജോലി ചെയ്ത ചാനലിലെ 26 മാധ്യമപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചാനൽ പൂട്ടി സീൽ വച്ചു.
രണ്ടുദിവസം മുമ്പ് ഒരു മാധ്യമപ്രവർത്തകന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ക്കായി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം അറിയുന്നത്.
ചെന്നൈ റോയപുരത്തെ ടിവി ചാനല്‍ പ്രവര്‍ത്തകനായ 24 കാരന് രണ്ടുദിവസം മുമ്പ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ഇടമാണ് ചെന്നൈ കോര്പറേഷന് പരിധി.
358 കേസുകളാണ് ഇവിടെയുള്ളത്. കോര്പറേഷന് പരിധിയില്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇടങ്ങളിലൊന്നാണ് റോയപുരം. 92 കേസുകളാണ് ഇവിടെ നിന്ന് റിപ്പോര്‍ട്ട്ചെയ്തിട്ടുള്ളത്.
അതുകൊണ്ടുതന്നെ മാധ്യമപ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ച വിവരം അധികം വാര്‍ത്താപ്രാധാന്യം നേടിയിരുന്നില്ല. യുവ മാധ്യമപ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ച ഉടനെ 94 സഹപ്രവര്‍ത്തകരുടെ സാമ്പിള്‍ ശേഖരിക്കുകയും പരിശോധനയ്ക്ക് അയയ്ക്കുകയുമായിരുന്നു.
ഇതിന്റെ റിസള്‍ട്ട് വന്നതോടെയാണ് ചാനല്‍ അടച്ചുപൂട്ടേണ്ടിവന്നത്. ഇനിയും സാമ്പിള്‍ പരിശോധനാഫലം വരേണ്ടതുണ്ട്. മുഴുവന്‍ ഫലം എത്തിയാല്‍ മാത്രമേ എത്രപേര്‍ക്ക് കോവിഡ് ബാധ ഉണ്ടായിട്ടുണ്ട് എന്ന് അറിയാന്‍ കഴിയുകയുള്ളൂ.
രോഗം സ്ഥിരീകരിച്ചവരെയെല്ലാം ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി. ഇവരുടെ വീട്ടുകാരേയും സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും കണ്ടെത്തി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇതിനിടെ ഇന്നലെ തമിഴ്നാട്ടില്‍ പുതിയതായി 76 കോവിഡ് ബാധകൂടി റിപ്പോര്‍ട്ടുചെയ്തു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 1596 ആയി ഉയര്‍ന്നു.
ഇന്നലെ ഒരു മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 18 ആയി. 22,245 പേരാണ് നിരീക്ഷണത്തിലുള്ളത്.അതേസമയം ചൈനയില്‍നിന്നെത്തിയ പരിശോധനാ കിറ്റുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല.
ഇക്കാര്യത്തില്‍ കേന്ദ്രവിലക്ക് എത്തുന്നതിനുമുമ്പുതന്നെ 34000 ചൈനീസ് കിറ്റുകള്‍ സംസ്ഥാനത്ത് വിതരണം ചെയ്തു കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഇവയുടെ ഗുണനിലവാരം സംബന്ധിച്ച് തര്‍ക്കം ഉണ്ടായതോടെയാണ് സര്‍ക്കാര്‍ ധര്മസങ്കടത്തിലായിരിക്കുന്നത്.