അടിമാലി: ഇത്തവണയും പതിവ് തെറ്റിക്കാതെ ഭീമൻ ചേനയും കപ്പയും വിളയിച്ചിരിക്കുകയാണ് അടിമാലി കൂന്പൻപാറ സ്വദേശി അന്പലത്തിങ്കൽ സുരേന്ദ്രൻ.
വിളവെടുത്ത രണ്ടു ചേനകളിലൊന്നിന് 60 കിലോയോളം തൂക്കവും മറ്റൊന്നിന് 90 കിലോയോളവും തൂക്കമുണ്ട്.
വിളവെടുപ്പിന് പാകമായ ഒരു ചുവട് കപ്പയിൽനിന്ന് ഇത്തവണ സുരേന്ദ്രൻ 200 കിലോയിലധികം പ്രതീക്ഷിക്കുന്നു.
20 വർഷം മുന്പാണ് ആദ്യമായി സുരേന്ദ്രൻ കാർഷികമേളകളിലെ വിളപ്രദർശന മത്സരത്തിനായി ഉത്പന്നങ്ങൾ എത്തിക്കാനായുള്ള ശ്രമം ആരംഭിച്ചത്.
പിന്നീടിങ്ങോട്ട് എല്ലാവർഷവും ഭീമൻ കപ്പയും ചേനയും കാച്ചിലുമൊക്കെ വിളയിക്കുന്ന കാര്യത്തിൽ സുരേന്ദ്രൻ പതിവ് തെറ്റിച്ചിട്ടില്ല. ജൈവരീതിയിലാണ് തന്റെ കൃഷിപരിപാലനമെന്ന് സുരേന്ദ്രൻ പറയുന്നു.
തൊടുപുഴയിൽ നടന്നിട്ടുള്ള കാർഷികമേളകളിലെ സ്ഥിരസാന്നിധ്യമാണ് സുരേന്ദ്രൻ. 102 കിലോ തൂക്കംവരുന്ന ചേന, 110 കിലോ തൂക്കം വരുന്ന കാച്ചിൽ, 220 കിലോ തൂക്കം വരുന്ന കപ്പ, 34 കിലോ തൂക്കം വരുന്ന ഇഞ്ചിയും മഞ്ഞളുമൊക്കെ ഇക്കാലയളവിനുള്ളിൽ സുരേന്ദ്രൻ തന്റെ കൃഷിയിടത്തിൽ വിളയിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനംമൂലം കാർഷിക മേളകൾ മുടങ്ങിയതിന്റെ നിരാശ സുരേന്ദ്രനുണ്ട്. മൂപ്പെത്തി പാകമാകുന്നതോടെ കപ്പ ഇത്തവണ പറിച്ചുണങ്ങി ശേഖരിക്കാനാണ് സുരേന്ദ്രന്റെ തീരുമാനം.