പാലക്കാട്: മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് ഉയരാൻ കഴിഞ്ഞിട്ടില്ലെന്നും പാർട്ടി സെക്രട്ടറിയാണ് താനെന്നാണ് ഇപ്പോഴും വിചാരിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കെജിഒയു 32-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർട്ടി സമ്മേളനം കഴിയുന്നതു വരെ സെക്രട്ടേറിയറ്റ് താഴിട്ട് പൂട്ടുന്നതാണു നല്ലത്. ഒരു മന്ത്രി പോലും സെക്രട്ടേറിയറ്റിൽ വരുന്നില്ല. ഒരു പ്രവർത്തനവും നടക്കുന്നുമില്ല. സമ്മേളനം കഴിഞ്ഞതിനുശേഷം സെക്രട്ടേറിയറ്റ് തുറക്കുന്നതായിരിക്കും ഉചിതം. ഓഖി ദുരന്തത്തിൽ മരണമടഞ്ഞവർക്കുള്ള ധനസഹായം പോലും നൽകാനായിട്ടില്ല. സാന്പത്തിക പ്രതിസന്ധി മൂലമാണിത്.
സംസ്ഥാനത്തിന്റെ സാന്പത്തിക പ്രതിസന്ധിക്കു കാരണം സർക്കാരാണെന്നു മുഖ്യമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ നിധിയിൽനിന്ന് തുകയെടുത്ത് പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ ഹെലികോപ്റ്ററിൽ യാത്ര ചെയ്ത മുഖ്യമന്ത്രിയുടെ നടപടി തെറ്റാണ്.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിനെ വികൃതമാക്കി. 11-ാം ശന്പള കമ്മീഷൻ ആരംഭിക്കാൻ യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. ശന്പള കുടിശിക നൽകിയില്ലെന്നു മാത്രമല്ല, ഒന്നാം ഗഡു ട്രഷറിയിൽ ലയിപ്പിക്കാനും തീരുമാനിച്ചു. സർക്കാരിനെതിരെ കോണ്ഗ്രസിന്റെ നേതൃത്വത്തിൽ 17നു ബ്ലോക്കുതലത്തിൽ സമരം ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സാന്പത്തിക തകർച്ച കാരണം എല്ലാ പദ്ധതി പ്രവർത്തനങ്ങളും അവതാളത്തിലായിരിക്കുകയാണ്. കിഫ്ബി വഴി 50,000 കോടി രൂപയുടെ വികസനപ്രവർത്തനം നടത്തുമെന്നാണു സർക്കാർ പറഞ്ഞത്. എന്നാൽ 25,000 കോടിയുടെ പദ്ധതിയാണു പ്രഖ്യാപിച്ചത്. പുതുതായി പെൻഷന് അപേക്ഷ പോലും കൊടുക്കാൻ കഴിയുന്നില്ല. ഏതെങ്കിലും പാർട്ടി യുഡിഎഫ് വിട്ടുപോയാൽ മുന്നണി ദുർബലപ്പെടുമെന്ന സിപിഎമ്മിന്റെ ധാരണ തെറ്റാണ്.
ജനതാദൾ മുന്നണി വിട്ടതുകൊണ്ട് യുഡിഎഫിന് ഒന്നും സംഭവിക്കില്ല. പഞ്ചായത്ത് തെരെഞ്ഞടുപ്പിൽ സീറ്റ് പോയതിന്റെ പേരിൽ മുന്നണി വിടുന്ന ആദ്യ പാർട്ടിയായിരിക്കും ജനതാദൾ. സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും ജനകീയ അടിത്തറ തകർന്നതുകൊണ്ടാണ് ഇത്തരം പാർട്ടികളെ മുന്നണിയിലേക്ക് എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ. പത്മകുമാർ അധ്യക്ഷനായിരുന്നു.
ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ, മുൻ എംപി വി.എസ്. വിജയരാഘവൻ, മുൻ ഡിസിസി പ്രസിഡന്റ് സി.വി. ബാലചന്ദ്രൻ, യുഡിഎഫ് ജില്ലാ ചെയർമാൻ എ. രാമസ്വാമി, എൻ.കെ. ബെന്നി, കെ. അപ്പു, വി. രാമചന്ദ്രൻ, സി. ബാലൻ, സംസ്ഥാന പ്രസിഡന്റ് എസ്. അജയൻ, ജനറൽ സെക്രട്ടറി ഇ.എം. ബാബു തുടങ്ങിയവർ സംബന്ധിച്ചു. ഡോ. മനോജ് ജോണ്സണ് സ്വാഗതവും നടുവത്ത് ശശി നന്ദിയും പറഞ്ഞു.