സാബു ജോണ്
തിരുവനന്തപുരം: മുസ്ലിം ലീഗിനു പിന്നാലെ കോണ്ഗ്രസ് നേതൃത്വത്തിലേക്കും എത്തുകയാണു സർക്കാർ.
കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് പുറത്തു വന്ന ബാർ കോഴ കേസ് അന്നു കെ.എം. മാണിക്കെതിരേ ആയിരുന്നെങ്കിൽ ഇപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോണ്ഗ്രസ് നേതാക്കളാണ് ഉന്നം.
ബാർ കോഴ കേസിൽ പ്രാഥമിക അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകിയതോടെ രാഷ്ട്രീയ ഏറ്റുമുട്ടലിനൊപ്പം നിയമയുദ്ധത്തിനു കൂടിയാണു തുടക്കം കുറിക്കുന്നത്.
അന്വേഷണത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തേതന്നെ ഗവർണർക്കു കത്തു നൽകിയിരുന്നു. അന്വേഷണ നടപടികളുമായി മുന്നോട്ടു പോകുന്പോൾ വിഷയം കോടതി കയറുമെന്നും ഉറപ്പാണ്.
സർക്കാരിനെ സംബന്ധിച്ച് കേസിന്റെ പരിസമാപ്തി എന്താകുമെന്ന കാര്യത്തിൽ വ്യാകുലതയില്ല. തെരഞ്ഞെടുപ്പു കാലത്ത് പ്രതിപക്ഷത്തിനെതിരേ ഒരു ആയുധം എന്ന നിലയിൽ മാത്രമേ അവർ ഇതിനെ കാണുന്നുള്ളു.
സ്വർണക്കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ സർക്കാർ പ്രതിസ്ഥാനത്തു നിൽക്കുന്പോൾ തങ്ങളെ അഴിമതിക്കാർ എന്നു വിളിച്ചു പ്രതിപക്ഷം ഏകപക്ഷീയമായി പ്രചാരണം നടത്തരുതെന്നു മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളു.
പ്രതിപക്ഷം ഇതു നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. അന്വേഷണത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവർണർക്കു മുൻകൂർ കത്തു നൽകിയതു തന്നെ ഇതിന്റെ അടിസ്ഥാനത്തിലാണ്.
രണ്ടു തവണ അന്വേഷിച്ചു തെളിവില്ലെന്നു പറഞ്ഞു മടക്കിയ കേസ് ആണിതെന്നു പ്രതിപക്ഷം വാദിക്കുന്നു. മാത്രമല്ല, കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ പുതിയ അന്വേഷണത്തിനുള്ള തീരുമാനത്തിനു നിയമപരമായ നിലനിൽപ്പില്ലെന്നും അവർ വാദിക്കുന്നു.
കേസിന്റെ തുടർനടപടികളിൽ പ്രതിപക്ഷം വലിയ അങ്കലാപ്പു കാണിക്കുന്നില്ല. സർക്കാരിനെയും മുഖ്യമന്ത്രിയെയും വെല്ലുവിളിച്ചു കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ.
സർക്കാരിനെതിരേ അഴിമതി ആരോപണം ഉന്നയിക്കുന്നതു തടയാനാണ് തങ്ങൾക്കെതിരേ കള്ളക്കേസ് എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ തടസപ്പെടുത്താൻ സർക്കാർ നടത്തിയ നീക്കങ്ങൾ എണ്ണിപ്പറഞ്ഞും സർക്കാരിന്റെ അഴിമതികൾ ഇനിയും ജനങ്ങൾക്കു മുന്പാകെ എത്തിക്കുമെന്നു പറഞ്ഞുമായിരുന്നു രമേശ് ചെന്നിത്തല സർക്കാരിനു മറുപടി നൽകിയത്.
മുസ്ലീം ലീഗിന്റെ രണ്ട് എംഎൽഎമാർ ഇതിനോടകം അറസ്റ്റിലാണ്. അതിൽ ഒന്നു തട്ടിപ്പു കേസ് ആണെങ്കിൽ മറ്റൊന്ന് അഴിമതി കേസ് ആണ്. കെ.എം. ഷാജിക്കെതിരേ അന്വേഷണം പുരോഗമിക്കുകയാണ്.
ഡോ. എം.കെ. മുനീറിനെതിരെയും അന്വേഷണത്തിനുള്ള കളമൊരുങ്ങുന്നുണ്ട്. ഇതിനു പിന്നാലെയാണ് കോണ്ഗ്രസ് നേതാക്കളെ ഉന്നം വച്ചുള്ള പുതിയ അന്വേഷണ തീരുമാനം.
സോളാർ കേസിന്റെ സാധ്യതകളും ഭരണപക്ഷം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പ് അതും ഉയർന്നു വന്നേക്കാം.
പുതിയ അന്വേഷണങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് സർക്കാരിനെതിരായ വിഷയങ്ങളിൽ നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്ന തിരിച്ചറിവ് പ്രതിപക്ഷത്തിനുണ്ട്. ആ കെണിയിൽ വീഴരുതെന്നാണ് അവർ തീരുമാനിച്ചിരിക്കുന്നതും.
ഏതായാലും സർക്കാർ പിന്നോട്ടില്ലെന്നു വ്യക്തമാണ്. വികസനം തടസപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്നും യുഡിഎഫ് അതിന് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നു എന്നുമുള്ള രാഷ്ട്രീയ പ്രചാരണം അവർ ശക്തമായി നടത്തിക്കൊണ്ടിരിക്കും.
ബിജെപി – യുഡിഎഫ് കൂട്ടുകെട്ട് എന്ന രാഷ്ട്രീയ ആക്ഷേപം നേരത്തെ തന്നെ അവർ ഉന്നയിച്ചു തുടങ്ങിയതാണ്. കേന്ദ്ര ഏജൻസികൾക്കെതിരായ പ്രചാരണവും പ്രക്ഷോഭവും നടത്തുന്നതിനൊപ്പം പ്രതിപക്ഷത്തിനെതിരായി പരമാവധി കേസുകൾ എടുത്തു പ്രയോഗിക്കാനും അവർ തീരുമാനിച്ചിരിക്കുന്നു.
ഇതിനെതിരേ പ്രതിപക്ഷവും ശക്തമായ പ്രതികരണവുമായി നിലയുറപ്പിക്കുന്നതോടെ സംസ്ഥാന രാഷ്ട്രീയം സമാനതകളില്ലാത്ത തരത്തിലുള്ള സംഘർഷാവസ്ഥയിലേക്കാണു നീങ്ങുന്നത്.