തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേമത്ത് ബിജെപി വിജയിച്ചതു കോൺഗ്രസിന്റെ വിട്ടുവീഴ്ച കാരണമാണെന്ന വിമർശനത്തിനു ശക്തമായ മറുപടി ഇത്തവണ നൽകാനുറച്ച് കോൺഗ്രസ്.
നേമത്ത് കരുത്തനായ സ്ഥാനാർഥിയെ തന്നെ നിർത്താനുള്ള ആലോചനകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. ഇന്നു വൈകിട്ടു തീരുമാനമുണ്ടാകുമെന്നറിയുന്നു.
നേമത്ത് കെ.മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന ആലോചനയിലാണ് ഹൈക്കമാൻഡ്. സ്ഥാനാർഥിയാവുകയാണെങ്കിൽ പ്രചാരണ സമിതി അധ്യക്ഷനാകില്ലന്നു മുരളീധരൻ അറിയിച്ചിട്ടുണ്ട്.
മണ്ഡലം മാറിയാൽ
നേമത്തു ശക്തനായ സ്ഥാനാർഥിയെ ഇറക്കിയാൽ അതു സംസ്ഥാനത്തുടനീളം യുഡിഎഫിന് ആത്മവിശ്വാസം നൽകുന്ന നടപടിയാകുമെന്ന് നേതൃത്വം കരുതുന്നു. നേമത്ത് ഉമ്മൻചാണ്ടിയെ മത്സരിപ്പിക്കുന്ന കാര്യവും സജീവമായി പരിഗണിച്ചിട്ടുണ്ട്.
മാത്രമല്ല വട്ടിയൂർക്കാവിൽ രമേശ് ചെന്നിത്തല മത്സരിക്കണമെന്നും നിർദേശമുയർന്നിട്ടുണ്ട്.
എന്നാൽ, മണ്ഡലം മാറി മത്സരിക്കുന്ന കാര്യത്തിൽ താൽപ്പര്യമില്ലെന്ന നിലപാട് ഉമ്മൻ ചാണ്ടിയും മരുളീധരനും ഹൈക്കമാൻഡിനെ അറിയിച്ചതായാണ് വിവരം.
കെ. മുരളീധരന്റെ പേരാണ് നേമത്തേക്ക് ഏറ്റവും ശക്തമായി പരിഗണിക്കപ്പെടുന്നത്. എംപിമാർ മത്സരിക്കേണ്ടെന്ന നിലപാട് മുരളീധരനു മാത്രമായി മാറ്റിയെഴുതാനും സാധ്യതയുണ്ട്.
കെ. മുരളീധരൻ നേമത്തു മത്സരിക്കുന്നില്ലെങ്കിൽ രമേശ് ചെന്നിത്തലയെ അവിടെ പരിഗണിക്കണമെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.
ആരോപണങ്ങൾ
2016ൽ നേമത്ത് കോൺഗ്രസ് മത്സരിച്ചില്ല. ജെഡി(യു)വിലെ വി.സുരേന്ദ്രൻ പിള്ളയായിരുന്നു യുഡിഎഫ് സ്ഥാനാർഥി.
2016ൽ നേമത്തു ബിജെപി വിജയിച്ചതിനെത്തുടർന്ന് കോൺഗ്രസിനെതിരെയുണ്ടായ ആരോപണങ്ങൾക്കെല്ലാം ഇത്തവണ മറുപടി നൽകുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.
മാത്രമല്ല ബിജെപിയെ എതിർക്കാൻ സിപിഎമ്മിനു മാത്രമേ കഴിയൂ എന്ന പ്രചാരണത്തിനു മറുപടി നൽകാനും നേമത്ത് ഒരു ശക്തനെ സ്ഥാനാർഥിയാക്കുക വഴി കോൺഗ്രസ് ലക്ഷ്യമിടുന്നു.
ഇടഞ്ഞ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും
ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ചർച്ചയിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കടുത്ത അതൃപ്തിയെന്നു സൂചന.
തങ്ങൾ നിർദേശിച്ച സ്ഥാനാർഥികൾക്കു സീറ്റ് ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇരുവരും. മണ്ഡലം മാറി നേമത്തു മത്സരിക്കണമെന്ന ഹൈക്കമാൻഡ് നിർദേശം ഇരുവരും തള്ളി.
ഹൈക്കമാൻഡ ്സർവേയുടെ പേരിൽ കെ.സി. വേണുഗോപാലിന്റെയടക്കം നോമിനികളെ സ്ഥാനാർഥി പട്ടികയിൽ തിരുകിക്കയറ്റാനാണ് നീക്കമെന്നും ഇരുവരും ആരോപിക്കുന്നു.
തങ്ങളുടെ കൂടെ നിൽക്കുന്ന സീനിയർ നേതാക്കൾക്ക് സീറ്റ് ഉറപ്പിക്കാനുള്ള പോരാട്ടമാണ് ഇപ്പോൾ ഇരുവരും നടത്തുന്നത്.
കെ.ബാബുവിനും കെ.സി.ജോസഫിനും സീറ്റ് കൊടുത്താൽ വാഴയ്ക്കനെയും പരിഗണിക്കണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും ഇന്നു വൈകുന്നേരത്തോടെ ഏകദേശ തീരുമാനമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.