തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ സംസ്ഥാനത്ത് വർഗീയത ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജയരാഘവൻ വാതുറന്നാൽ വർഗീയത മാത്രമാണ് പറയുന്നത്. മുഖ്യമന്ത്രിയും ഇതിന് കൂട്ടുനിൽക്കുന്നു.
ലീഗുമായുള്ള കോൺഗ്രസിന്റെ ചർച്ചയെ വർഗീയവത്കരിക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. എന്നാൽ ഇത് ജനങ്ങൾക്കിടയിൽ വിലപ്പോകില്ലെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിവഴി പൂർത്തീകരിച്ച വീടുകളുടെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പങ്കെടുത്തതിനെയും ചെന്നിത്തല വിമർശിച്ചു.
കേരളത്തിൽ ആദ്യമായാണ് ഒരു സർക്കാർ വീടു വച്ചു നൽകുന്നതെന്ന പ്രതീതി വരുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. യുഡിഎഫ് ഭരണകാലത്ത് നാലേകാൽ ലക്ഷം വീടുകൾ നൽകിയിരുന്നു. ഏതു സർക്കാർ വീടു വച്ചുകൊടുത്താലും നല്ലകാര്യമാണ്. എന്നാൽ വലിയ വീമ്പു പറയേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.
മലപ്പുറത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചത് രാഷ്ട്രീയ കൊലപാതകമാണെന്നും ചെന്നിത്തല ആരോപിച്ചു. സമഗ്ര അന്വേഷണം ഇക്കാര്യത്തിൽ വേണം. മേഖലയിൽ സിപിഎം നിരന്തരം അക്രമം നടത്തിവരികയായിരുന്നു. പോലീസ് നടപടി സ്വീകരിച്ചിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.