കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് ജയിക്കാനായി എന്ത് ഹീനമായ പ്രവര്‍ത്തനവും നടത്തുന്ന ഒരു പാര്‍ട്ടിയായി സിപിഎം മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ബിജെപി പോലും പറയാന്‍ മടിക്കുന്ന പച്ചയായ വര്‍ഗീയതയാണ് ഇപ്പോള്‍ സിപിഎം നേതാക്കള്‍ പറയുന്നതെന്ന് ഐശ്വര്യകേരളയാത്രയുടെ രണ്ടാംദിവസത്തെ പ്രയാണത്തിന് മുന്നോടിയായി കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഈ സര്‍ക്കാരിന്റെ യഥാര്‍ഥ മുഖം എന്താണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. ജനങ്ങളോട് യാതൊരുവിധ ബഹുമാനവുമില്ലാത്ത ഭരണകൂടമാണ് ഇത്.
ഒരുവശത്ത് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലും മറുവശത്ത് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും തമ്മിലും അകറ്റാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ഇതിനിടയില്‍ സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് വ്യാപകമായി വ്യാജപ്രചാരണവേലകളും നടത്തുന്നു.
ഇതെല്ലാം തീക്കൊള്ളി കൊണ്ട് തലചൊറിയുന്ന പ്രവര്‍ത്തനങ്ങളാണ്. 10 ശതമാനം മുന്നോക്ക സംവരണത്തെ യുഡിഎഫ് സര്‍വാത്മനാ സ്വാഗതം ചെയ്തതാണ്.
അതുമൂലം മുസ്ലീങ്ങളടക്കമുള്ള പിന്നോക്കവിഭാഗങ്ങള്‍ക്ക് യാതൊരുവിധ നഷ്ടവും ഉണ്ടാകാന്‍ പാടില്ലെന്ന നിലപാട് കൂടിയാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്.
സഭാ തര്‍ക്കത്തിന് പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ ഒരു പരിഹാരം ഉണ്ടാവുകയാണെങ്കില്‍ അത് വളരെ നല്ല കാര്യമാണ്. പക്ഷേ ഇതില്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ ഇടപെടല്‍ സാധാരണ ഗവര്‍ണര്‍മാര്‍ ചെയ്യാത്ത രീതിയിലാണ്.
ഇപ്പോഴും ഒരു ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ രീതിയിലാണ് അദ്ദേഹം പെരുമാറുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെപിസിസി സെക്രട്ടറി കെ. നീലകണ്ഠന്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍നായര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.