തൃശൂർ: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനു 140 മണ്ഡലങ്ങളിലും പ്രതിപക്ഷ നേതാവുതന്നെയാണ് മൽസരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊന്നാനി അടക്കമുള്ള എല്ലാ മണ്ഡലങ്ങളിലും മൽസരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം സരസമായി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനു കോണ്ഗ്രസ് സ്ഥാനാർഥികളെ സംബന്ധിച്ച് തീരുമാനമായില്ല. തെരഞ്ഞെടുപ്പു കമ്മിറ്റിയാണ് ഇക്കാര്യം പരിഗണിക്കുന്നത്. എന്നാൽ മാധ്യമങ്ങൾ സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഓരോ എഡിഷൻ പേജിലും സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിക്കുന്നുണ്ട്.
ആ പട്ടികയിൽ പേരു വരാത്തവരെല്ലാം ഞങ്ങളെ വിളിച്ചു ചോദിക്കുകയാണ്. മാധ്യമങ്ങൾ അതു തുടരട്ടെ. തെറ്റൊന്നുമില്ല.എൻസിപി നേതാവ് മാണി സി. കാപ്പൻ യുഡിഎഫിലേക്കു വന്നാൽ സ്വാഗതം. അങ്ങനെ പലരും എൽഡിഎഫ് വിട്ട് യുഡിഎഫിലേക്കു വരും. യുഡിഎഫിനാണ് പിന്തുണയെന്നാണ് ജനങ്ങൾക്കു ബോധ്യപ്പെട്ടിട്ടുണ്ട്. രമേശ് ചെന്നിത്തല പറഞ്ഞു.