പത്തനംതിട്ട: രമേശ് ചെന്നിത്തല ഏതു സ്ഥാനത്തെത്തിയെന്നതല്ല അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലെ വിഷയമെന്നും യുഡിഎഫിനെ അധികാരത്തില്‍ തിരികെ കൊണ്ടുവരികയെന്നതിനാണ് പ്രാധാന്യമെന്നും പ്രതിപക്ഷ നേതാവ്.
പത്തനംതിട്ടയില്‍ ഐശ്വര്യ കേരളയാത്രയുടെ ജില്ലാതല സമാപനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.45 എംഎല്‍എമാരുമായി ശക്തമായ പ്രതിപക്ഷമായി നിയമസഭയില്‍ നിലനില്ക്കാന് യുഡിഎഫിനു കഴിഞ്ഞുവെന്നതിനാലാണ് പിണറായി സര്‍ക്കാരിന്റെ തീവെട്ടിക്കൊള്ള ഒരുപരിധിവരെ തടഞ്ഞു നിര്‍ത്താനായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എല്‍ഡിഎഫിന്റെ നെറികെട്ട ഭരണത്തില്‍ നിന്നുള്ള മോചനം കേരള ജനത ആഗ്രഹിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫുകാരില്‍ പലര്‍ക്കും പലതരം ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടാകാം.
എന്നാല്‍ അതെല്ലാം മറന്ന് യുഡിഎഫിന്റെ വിജയത്തിനായി പണിയെടുക്കേണ്ട സമയമാണിതെന്നും രമേശ് പറഞ്ഞു.കേരളത്തിലെ വിവിധ സമുദായങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്തു വരികയാണ്.
ഇവരുടെ ബുദ്ധിമുട്ടുകള്‍ക്കു പ്രകടനപത്രികയില്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് ടി.എം. ഹമീദ് അധ്യക്ഷത വഹിച്ചു.
സമ്മേളനം പി.ജെ. ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എന്‍.കെ. പ്രേമചന്ദ്രന് എംപി, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്, കൊടിക്കുന്നില്‍ സുരേഷ് എംപി, ആന്റോ ആന്റണി എംപി, ജി. ദേവരാജന്‍, ജോസഫ് എം.പുതുശേരി, ബാബു ജോര്‍ജ്, കെ. ശിവദാസന്‍ നായര്‍, പന്തളം സുധാകരന്, ലതികാ സുഭാഷ്, പി. മോഹന്‍രാജ്, ജോണ്സണ് വിളവിനാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.