ഹരിപ്പാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുസരണയുള്ള കുട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇവർ തമ്മിൽ ഭായി ഭായി ബന്ധമാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
സ്വർണ കള്ളക്കടത്ത് കേസ് അട്ടിമറിക്കാനായി ബിജെപിയെ ഏതാനും സീറ്റുകളിൽ ജയിപ്പിക്കുക എന്നതാണ് ഇവർ തമ്മിലുള്ള ധാരണ. കേസ് ഇപ്പോൾ മരവിച്ച നിലയിലാണ്.
പരസ്പരം കേസ് എടുത്ത് കളിക്കുകയാണിവർ. മുഖ്യമന്ത്രിയ്ക്ക് എതിരായ സ്വർണ കടത്ത് കേസിലെ പ്രതികളുടെ മൊഴികൾ ഗുരുതരമാണെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷവും കേരളത്തെ ക്രൂരമായി അവഗണിച്ച മോദി ഇപ്പോൾ അതിവേഗ വികസനം നടത്തുമെന്ന് പറയുന്നു. അത് കാപട്യമാണ്.
ലാവലിൻ കേസ് 28 തവണ മാറ്റിവെക്കുന്നതിൽ മാത്രമായിരുന്നു പിണറായി വിജയന്റെ ശ്രദ്ധ. പ്രളയത്തിൽ അർഹമായ നഷ്ട പരിഹാരം വാങ്ങിയെടുക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമല ആചാര സംരക്ഷണ നിയമം പാസാക്കാൻ എന്തു കൊണ്ട് കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ല. ഇപ്പോൾ ഇതേപ്പറ്റി മോദി വലിയ പ്രസംഗമാണ് നടത്തുന്നത്.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല ആചാര സംരക്ഷണത്തിനായുള്ള നിയമം പാസാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു