തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇന്ന് നിർണായക ചർച്ച. ഹൈക്കമാൻഡ് നിരീക്ഷകരായ മല്ലികാർജ്ജുന ഖാർഗെയും വി.വൈത്തിലിംഗവും കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കും.
കൂടാതെ കോൺഗ്രസ് എംഎൽഎമാർ ഓരോരുത്തരുമായും ഇവർ കൂടിക്കാഴ്ച നടത്തും. വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്നു ശക്തമായ അഭിപ്രായമുയർന്നിട്ടുണ്ടെങ്കിലും ഐ ഗ്രൂപ്പിലെ ഒരു വിഭാഗം രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരട്ടെ എന്ന നിലപാടിലാണ്.
പ്രതിപക്ഷ നേതാവെന്ന നിലയിൽ സർക്കാരിനെ കടുത്ത സമ്മർദത്തിലാക്കാൻ രമേശ് ചെന്നിത്തലയ്ക്കു കഴിഞ്ഞിരുന്നുവെന്നത് ഇവർ എടുത്തു കാട്ടുന്നു. എംഎൽഎമാരുടെ എണ്ണം കൂടുതൽ ഐഗ്രൂപ്പിനാണെന്നതും ചെന്നിത്തലക്ക് അനുകൂലമാകും.
തർക്കങ്ങളില്ലെങ്കിൽ
യോഗത്തിൽ തർക്കങ്ങളുണ്ടായില്ലെങ്കിൽ രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരാനുള്ള സാധ്യതയും ഉണ്ട്. നേരത്തെ രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും താത്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇക്കാര്യത്തിൽ പെട്ടെന്നു തീരുമാനം പറയേണ്ടെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. യോഗത്തിൽ തർക്കങ്ങളുണ്ടായില്ലെങ്കിൽ ഇന്നു തന്നെ പ്രതിപക്ഷ നേതാവിനെ അറിയാം.
അല്ലെങ്കിൽ പിന്നീട് ഡൽഹിയിൽ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാനാണ് സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ കനത്ത തിരിച്ചടിക്കുത്തരവാദികൾ കേരള നേതാക്കളെന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നേരത്തെ ഹൈക്കമാൻഡിനു റിപ്പോർട്ട് നൽകിയിരുന്നു.
ഇതേത്തുടർന്ന് സംസ്ഥാന കോൺഗ്രസിൽ അഴിച്ചു പണി ഉണ്ടാവുമെന്നും പ്രതിപക്ഷ നേതൃസ്ഥാനത്തിന്റെ കാര്യത്തിലും ഇടപെടലുണ്ടാകുമെന്നും വാർത്തകളുണ്ടായിരുന്നു.