തിരുവനന്തപുരം: മരംമുറി വിവാദത്തിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേരാത്ത നിലയിലാണ് പിണറായിയുടെ സംസാരം. ഇരിക്കുന്ന കസേരയുടെ മാഹാത്മ്യം മനസിലാക്കി പെരുമാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുന്ന പത്രസമ്മേളനങ്ങളിൽ വിവാദ വിഷയങ്ങൾ പാടില്ലാത്തതാണ്. എന്നാൽ പ്രതിപക്ഷത്തെ കടന്നാക്രമിക്കാനാണ് ഈ വാർത്താ സമ്മേളനങ്ങൾ മുഖ്യമന്ത്രി ഉപയോഗിച്ചിരിക്കുന്നത്.
മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചാണ് സുധാകരനെതിരായി മുഖ്യമന്ത്രി സംസാരിച്ചത്. യഥാർഥത്തിലുള്ള പിണറായിയുടെ മുഖമാണ് ഇതിലൂടെ പുറത്തുവന്നത്.
മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേർന്നതാണോ ഇതെന്ന് അദ്ദേഹം ചിന്തിക്കണം. മുഖ്യമന്ത്രി സമചിത്തതയുടെ പാതയാണ് സ്വീകരിക്കേണ്ടത്. കുട്ടിക്കാലത്ത് നടന്ന കാര്യങ്ങൾ ചികഞ്ഞെടുത്ത് പറയേണ്ട കാര്യമില്ല.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഒരു മുഖ്യമന്ത്രി ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്. മരംമുറി വിവാദത്തിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടാനും വനംകൊള്ളക്കാരെ സഹായിക്കാനുമാണ് പിണറായിയുടെ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.