തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തെ ശ്വാസംമുട്ടിക്കുന്ന അപ്പീലുകൾ നിയന്ത്രിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കലോത്സവത്തിന് വ്യാജ അപ്പീലുകൾ എത്തിയെന്നതുതന്നെ ദുഃഖകരമാണ്. ഇത്തരം പ്രവണതകൾ കലോത്സവത്തിന്റെ ശോഭ കുറയ്ക്കും. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല. കണ്ണൂരിൽ നടന്ന കലോത്സവം പോലെയല്ല, ഏറെ മനസ് നിറഞ്ഞാണ് സമാപനത്തിലേക്കു കലോത്സവം എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പീലുകൾ നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ തന്നെ നടപടികൾ സ്വീകരിക്കുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. അപ്പീൽ പരിഗണിക്കുന്പോൾ സർക്കാരിന്റെ ഭാഗംകൂടി കേൾക്കാൻ കവിയറ്റ് നല്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന കലോത്സവത്തിനു വിജിലൻസ് പരിരക്ഷ നൽകിയതുപോലെ താഴേത്തട്ടു മുതലുള്ള കലോത്സവങ്ങൾക്കും ഇതു നൽകും.
കലാമേള കലോത്സവത്തിലേക്കും കലോത്സവം സാംസ്കാരികോത്സവത്തിലേക്കും എത്തണമെന്നതാണ് ആഗ്രഹം. അതിനുള്ള ആദ്യത്തെ കലോത്സവം തന്നെ ആത്മവിശ്വാസം പകരുന്നുവെന്നു മന്ത്രി പറഞ്ഞു. കലാപ്രതിഭകളെ വളർത്താൻ അവസരം നൽകുന്ന മഹാപ്രതിഭാ സംഗമവും നടത്തും.
കലോത്സവ രേഖ പുറത്തിറക്കുന്നതിനു മുന്നോടിയായുള്ള കലോത്സവരേഖ മുഖചിത്രം ഇന്നസെന്റ് എംപി കെ.രാജൻ എംഎൽഎയ്ക്കു നൽകി പ്രകാശനം ചെയ്തു. മന്ത്രി വി.എസ്.സുനിൽകുമാർ, എംപിമാരായ സി.എൻ.ജയദേവൻ, പി.കെ.ബിജു, മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ, ഡിപിഐ കെ.വി.മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.