തിരുവനന്തപുരം: ബാർ കോഴക്കേസിൽ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്ന് തവണ അന്വേഷിച്ച കേസാണിത്. ബിജു രമേശിന്റെ ആരോപണത്തിൽ കഴന്പില്ലെന്ന് കണ്ടെത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
ആരും കോഴ വാങ്ങിയിട്ടുമില്ല. കൊടുത്തിട്ടുമില്ല. കോണ്ഗ്രസ് കോഴ വാങ്ങുന്ന പാർട്ടിയല്ല. കോടതിയിൽ നിൽക്കുന്ന കേസിൽ എങ്ങനെയാണ് പ്രാഥമിക അന്വേഷണം നടത്താൻ സാധിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ യഥാർഥമുഖം ജനത്തെ ബോധ്യപ്പെടുത്തും. ഓലപ്പാന്പ് കാട്ടി തങ്ങളെ പേടിപ്പിക്കണ്ട. കഴിഞ്ഞ സർക്കാരിന്റെ കാലത്തും നിലവിലെ സർക്കാരും അന്വേഷിച്ച കേസാണിത്.
പണ്ടേ നിഷേധിച്ച കേസ് ഇനി അന്വേഷിച്ചാലും നേരിടും. ഇതുകൊണ്ടൊന്നും പ്രതിപക്ഷ നേതാവിനെ നിശബ്ദനാക്കാനാവില്ലെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.
സ്വർണക്കള്ളക്കടത്ത് കേസിൽ പെടുമെന്ന് കണ്ടതോടെയാണ് മുഖ്യമന്ത്രിയുടെ സ്വരം മാറിയത്. സ്വർണക്കടത്ത് കേസിലെ പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ഇതിൽനിന്നു മനസിലാകുന്നത് മുഖ്യമന്ത്രിക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ്.
സ്വപ്നയുടെ ശബ്ദരേഖ പുറത്തുവിട്ടത് മുഖ്യമന്ത്രിയെ വെള്ളപൂശാനുള്ള നാടകമാണ്. അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്താൻ പോലീസും സർക്കാരും ചേർന്ന് ഒരുക്കിയ തിരക്കഥയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
വികസനങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് സർക്കാർ പറയുന്നു. എന്ത് വികസനമാണ് ഇവിടെ നടക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. ഇവിടെ നടക്കുന്നത് അഴിമതി, സ്വർണക്കടത്ത്, മയക്കുമരുന്നു കച്ചവടം, പിൻവാതിൽ നിയമനം തുടങ്ങിയവയാണ്.
കോടികൾ തട്ടുന്ന വിദ്യയാണ് ഇവിടെ നടക്കുന്നത്. ഇതെല്ലാം പുറത്തുവന്നപ്പോൾ വികസനം തടയുന്നുവെന്ന് പറയുന്ന പൊറാട്ടുനാടകം ജനങ്ങൾക്ക് മനസിലാകും.
സർക്കാരും എൽഡിഎഫും എത്ര ശ്രമിച്ചാലും ഈ അഴിമതി മൂടിവയ്ക്കാൻ സാധിക്കില്ല. സ്വർണക്കടത്ത് കേസ് ഇല്ലാത്താക്കാൻ മുഖ്യമന്ത്രി ഗൂഢാലോചന നടത്തുന്നുണ്ട്. ഇതിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.