തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിനു പിന്നാലെ ഇടതുപക്ഷത്തെ കടന്നാക്രമിച്ച് യുഡിഎഫ്. ശബരിമല അടക്കമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് വിധി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയ്ക്കായി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി.
തെരഞ്ഞെടുപ്പ് വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നുവെന്നും അവര്‍ നല്‍കിയ വിജയമാണിതെന്നും ചെന്നിത്തല പറഞ്ഞു. അമ്പേ പരാജയപ്പെട്ട ഇടതു പക്ഷത്തിന് കേരളത്തില്‍ അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും ഇടതുപക്ഷം ജനമനസുകളില്‍ നിന്ന് തൂത്തെറിയപ്പെട്ടെന്നും ചെന്നിത്തല തുറന്നടിച്ചു.
കേന്ദ്രത്തിലെ മോദി ഭരണവും കേരളത്തിലെ പിണറായി ഭരണവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. രണ്ടു കൂട്ടരും മതന്യൂനപക്ഷ- പിന്നോക്ക-ആദിവാസി വിഭാഗങ്ങളെ പീഡിപ്പിക്കുന്നതിലും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിലും പരസ്പരം മത്സരിക്കുകയായിരുന്നു- ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ മതന്യൂനപക്ഷ-പിന്നോക്ക-ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും വലിയ പരാജയമേറ്റുവാങ്ങിയ ഇടതിന് സാങ്കേതികതയുടെ പേരില്‍ മാത്രം കേരളത്തില്‍ ഭരണം തുടരാമെന്നേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ഇടതുപക്ഷം പ്രധാനമായും ഉയര്‍ത്തിയത് കോ-ലീ-ബി സഖ്യം എന്ന ആരോപണമായിരുന്നു. എന്നാല്‍ ഇത് വെറും ആരോപണം മാത്രമാണെന്ന് തെളിഞ്ഞു. സംഘപരിവാരത്തിന്റെ മുന്നേറ്റത്തെ തടയാനായത് കോണ്‍ഗ്രസിനും യുഡിഎഫിനും മാത്രമാണെന്നും പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു.
ധാര്‍ഷ്ട്യത്തോടെയുള്ള മുഖ്യമന്ത്രിയുടെയും ഇടത് പ്രവര്‍ത്തകരുടെയും പ്രവര്‍ത്തന ശൈലിയും അവര്‍ക്ക് തിരിച്ചടിയായെന്നും ചെന്നിത്തല പറഞ്ഞു. ശൈലി മാറ്റില്ലെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. അതിന് ഞങ്ങള്‍ക്ക് അദ്ദേഹത്തോട് ഏറെ നന്ദിയുണ്ട്- പ്രതിപക്ഷ നേതാവ് പരിഹസിച്ചു.