തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്എഫ്ഐയുടെ വിദ്യാർഥി വിരുദ്ധ നിലപാടുകൾക്ക് കൂട്ടുനിൽക്കുന്ന നാണംകെട്ട മന്ത്രിയാണ് കെ.ടി. ജലീലെന്ന് സെക്രട്ടറിയേറ്റിനു മുന്നിൽ യുഡിഎഫ് എംഎൽഎമാരുടെ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ചെന്നിത്തല പറഞ്ഞു.
പിഎസ്സി പരീക്ഷ തട്ടിപ്പ് വ്യാപം അഴിമതിക്ക് തുല്യമാണെന്നും ഇക്കാര്യത്തെക്കുറിച്ച് സിബിഐ അന്വേഷണമാണ് വേണ്ടതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി കോളജിൽ അക്രമത്തിൽ പരിക്കേറ്റ അഖിലിനെ എസ്എഫ്ഐയുടെ പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
നിലവിലെ പോലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കി പുതിയ പരീക്ഷ നടത്താൻ പിഎസ്സി തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.