ഇരിങ്ങാലക്കുട: പ്രധാനമന്ത്രിയായി തെരെഞ്ഞടുക്കപ്പെട്ടപ്പോൾ താൻ ഇന്ത്യയുടെ കാവൽക്കാരനായിരിക്കുമെന്നു പറഞ്ഞ നരേന്ദ്രമോദി പോക്കറ്റടിക്കാരാനായി മാറിയിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കത്തിനു ഇരിങ്ങാലക്കുട ടൗണ്‍ ഹാളിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല.
മോദി നടപ്പാക്കിയ നോട്ടു പിൻവലിക്കലും ജിഎസ്ടിയും നാടിനെ പിറകോട്ടടുപ്പിച്ചു. ഇന്ത്യാ ചരിത്രത്തിന്റെ മുന്നിലോ പിന്നിലോ നടക്കാൻ കഴിയാത്ത സംഘടനയായ ആർഎഎസിന്റെ അജണ്ടയാണു മോദി നടപ്പാക്കാൻ ശ്രമിക്കുന്നത്. ചരിത്ര സത്യങ്ങളെ തമസ്കരിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്.
കേരളത്തിൽ ഇപ്പോൾ ഭരണമില്ലാത്ത അവസ്ഥയാണ്. എൽഡിഎഫിന്റെ ഒന്നരവർഷത്തെ ഭരണത്തിനിടെ ഒരു പദ്ധതിപ്പോലും നടപ്പാക്കിയിട്ടില്ല. മുഖ്യമന്ത്രിക്കു മാർക്കിട്ടാൽ പുജ്യമായിരിക്കുമെന്നും ചെന്നത്തല പരിഹസിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു.
എം.എസ്. അനിൽ കുമാർ, ടി.വി. ചാർളി, വർഗീസ് പുത്തനങ്ങാടി, കെ.കെ. ശോഭനൻ, ആന്റോ പെരുംപിള്ളി, സോണിയഗിരി, കെ.എ.റിയാസുദിൻ, ജോസഫ് ചാക്കോ, തോമസ് കോലങ്കണ്ണി, നഗരസഭ ചെയർ പേഴ്സണ്‍ നിമ്യ ഷിജു തുടങ്ങിയവർ പ്രസംഗിച്ചു.