സി.അനിൽകുമാർ
പാലക്കാട്: എലപ്പുള്ളി കൗശിപ്പാറ പോക്കാന്തോട് ബിയർ നിർമാണകേന്ദ്രം ആരംഭിക്കാൻ അനുമതി നൽകിയവർക്കു മുന്പിൽ ജീവിക്കുന്ന രക്തസാക്ഷിയായി ഒരു ജനതയും നാടും പാലക്കാടുതന്നെയുണ്ട് – അതു പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയാണ്.
പ്ലാച്ചിമടയെ ആരും മറന്നിട്ടില്ല. ഒന്നരപതിറ്റാണ്ടുമുന്പ് ഭൂഗർഭജലചൂഷണം നടത്തുകയും പിന്നീട് ജനകീയ സമരത്തിനു മുന്പിൽ മുട്ടുമടക്കുകയും ചെയ്ത ആഗോള കന്പനി കൊക്കകോള പ്രവർത്തിച്ച പ്ലാച്ചിമട. ആ നാടിന്റെ അവസ്ഥതന്നെയാകും ബ്രൂവറി വരുന്നതിലൂടെ എലപ്പുള്ളിയേയും കാത്തിരിക്കുകയെന്ന നിരീക്ഷണങ്ങളും ശക്തമാണ്.
ഭൂഗർഭ ജലചൂഷണം വഴി ശുദ്ധജലംവരെ മലിനമായതിനെതുടർന്നാണ് പ്ലാച്ചിമടക്കാർ സമരത്തിനിറങ്ങിയത്. സമരം വിജയിക്കുകയും കന്പനിയെ പടിക്കുപുറത്താക്കുകയും ചെയ്തിട്ടും പ്ലാച്ചിമടക്കാർ ഇന്നും ജലചൂഷണത്തിന്റെ ഇരകളായി ജീവിക്കുകയാണ്. ടാങ്കറുകളിലെത്തിക്കുന്ന കുടിവെള്ളവും പഞ്ചായത്തിന്റെ കുടിവെള്ള വിതരണവുമാണ് ഇന്നും ഇവിടത്തുകാർക്ക് ആശ്രയം.
ജലസമൃദ്ധവും കാർഷികമേഖലയുമായിരുന്ന നാട് ഇന്നു തരിശുനിലങ്ങളുടെയും മലിനജലാശയങ്ങളുടെയും കേന്ദ്രമാണ്. സ്വതവേ ജലക്ഷാമം നേരിടുന്ന പാലക്കാടിന്റെ കിഴക്കൻ മേഖലയിൽതന്നെയാണ് ഭൂമിശാസ്ത്രപരമായി എലപ്പുള്ളിയുമുള്ളത്. മലന്പുഴ ബ്ലോക്കിൽപ്പെടുന്നതാണ് മഴനിഴൽപ്രദേശമായ എലപ്പുള്ളി. കൂടാതെ വരൾച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ച വില്ലേജുകൂടിയാണിത്.
നിലവിൽ അടച്ചിട്ട ചിറ്റൂർ ഷുഗർ ഫാക്ടറിയുടെ സമീപപ്രദേശത്താണ് അപ്പോളോ ഡിസ്റ്റലറീസ് ആൻഡ് ബ്രൂവറിക്ക് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. എലപ്പുള്ളി ഒന്നാം വില്ലേജിൽ ഉൾപ്പെടുന്ന പ്രദേശത്ത് ഇതിനായി 9.92 ഏക്കർ കണ്ടെത്തിയിട്ടുമുണ്ട്. ശുദ്ധജലക്ഷാമവും, ഭൂഗർഭജലചൂഷണം ഇപ്പോഴുമുള്ള പ്രദേശമാണിത്. ഇനി ബിയർനിർമാണ കേന്ദ്രംകൂടി വരുന്നതോടെ ജലക്ഷാമം ഇരട്ടിയാകുമെന്നാണ് റിപ്പോർട്ട്.
13 കുപ്പിവെള്ള കന്പനികൾ ഇതിനടുത്തായി നിലവിൽ പ്രവർത്തിക്കുന്നുണ്ട്. അതേസമയം, പ്രദേശവാസികൾക്കു കിണറുകളിൽ വെള്ളമില്ലാത്ത സാഹചര്യമാണ്. കുഴൽകിണറുകളെയാണ് ഭൂരിഭാഗംപേരും ആശ്രയിക്കുന്നത്. പഞ്ചായത്ത് കുഴിച്ച ആറു കുഴൽകിണറുകൾ വറ്റിവരണ്ട സ്ഥിതിയാണ്. കാർഷികമേഖലയാണ് ഇവിടം. മഴക്കെടുതിയിൽ കർഷകരുടെ ആകെയുള്ള നെൽകൃഷിയും നശിച്ചിരിക്കുകയാണ്.
അഞ്ചുലക്ഷം ലിറ്റർ ഉത്പാദന ശേഷിയുള്ള ബ്രൂവറി പ്രവർത്തിക്കണമെങ്കിൽ വർഷം 10 കോടി ലിറ്റർ ശുദ്ധജലം ആവശ്യമായിവരും.അതിനായി വൻ കുഴൽകിണറുകൾതന്നെ വേണ്ടിവരും. നിലവിൽ പ്രദേശത്തു വേനലിൽ ജില്ലാ കളക്ടർ അനുവദിക്കാറുള്ള ടാങ്കർലോറി വെള്ളത്തെ ആശ്രയിക്കുന്ന ജനതയ്ക്കു ബ്രൂവറിയുടെ വരവ് ഇരട്ടിപ്രഹരമാകുമെന്നതിൽ തർക്കമില്ല. കൗശിപ്പാറ-കിണ്ടിമുക്കാംചള്ള മിനി കുടിവെള്ളപദ്ധതിയിൽനിന്ന് നാലുദിവസം കൂടുന്പോഴുള്ള പന്പിംഗുമാണ് 500 ഓളം കുടുംബങ്ങൾക്കായിട്ടുള്ളത്.
ഓരോ വർഷവും കുഴൽകിണറുകളിലെ ജലനിരപ്പ് താഴുകയാണ്. ഉപയോഗശൂന്യമായ അന്പതിലധികം കുഴൽകിണറുകൾ പ്രദേശത്തുണ്ടെന്നതും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇനിയൊരു പ്ലാച്ചിമട സൃഷ്ടിക്കപ്പെടാതിരിക്കാനുള്ള ജനകീയപ്രതിഷേധവും ആരംഭിച്ചുകഴിഞ്ഞു.
കേരളം കണ്ട ഏറ്റവും വലിയ ജനകീയ സമരമായ പ്ലാച്ചിമടയുടെ അവസ്ഥാന്തരങ്ങളിലേക്ക് എലപ്പുള്ളിയേയും തള്ളിവിടരുതെന്നാണ് നാട്ടുകാരുടെ പ്രാർഥന. പ്ലാച്ചിമടയിൽ കൊക്കകോള കന്പനിക്കെതിരെ 2002 ഏപ്രിലിൽ ആരംഭിച്ച സമരത്തിനൊടുവിൽ 2004 ലാണ് കന്പനി പ്രവർത്തനം നിർത്തിയത്. പിന്നീട് നിയമപോരാട്ടത്തിനൊടുവിൽ കന്പനി പിൻവാങ്ങി. ആദിവാസികൾ ഉൾപ്പടെയുള്ള നാട്ടുകാർക്കു നഷ്ടപരിഹാരം ലഭിക്കുന്ന കാര്യം ഇന്നും അനിശ്ചിതത്വത്തിലാണ്.
കഴിഞ്ഞദിവസങ്ങളിൽ വിവിധ രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിൽ എലപ്പുള്ളിയിലെ നിർദിഷ്ട ബ്രൂവറി ഭൂമിയിലേക്ക് മാർച്ചുകൾ നടന്നിരുന്നു. വരുംദിവസങ്ങളിൽ സമരം ശക്തമായേക്കും.
എലപ്പുള്ളിയെ മറ്റൊരു പ്ലാച്ചിമടയാക്കാൻ അനുവദിക്കില്ല: ചെന്നിത്തല
പാലക്കാട്: എലപ്പുള്ളിയെ മറ്റൊരു പ്ലാച്ചിമടയാക്കാൻ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എലപ്പുള്ളി പഞ്ചായത്തിലെ കൗശിപ്പാറയിലെ നിർദിഷ്ട ബിയർ ഉത്പാദന കേന്ദ്രത്തിനടുത്ത പ്രദേശത്തെ നാട്ടുകാരുമായി സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതുമായി ബന്ധപ്പെട്ട് സർക്കാർ വൻ അഴിമതിയാണ് നടത്തിയിരിക്കുന്നത്. എലപ്പുള്ളി പോലെയുള്ള പ്രദേശത്തെ നാശത്തിലേക്കു നയിക്കുന്ന ഇത്തരം ബ്രൂവറികൾ നമുക്ക് ആവശ്യമില്ല. ഇതെല്ലാം അനുവദിച്ചതിനു പിന്നിൽ വൻ അഴിമതിയുണ്ട്. അതു വരുംദിവസങ്ങളിൽ പുറത്തുകൊണ്ടുവരുമെന്നും ചെന്നിത്തല പറഞ്ഞു.
ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ, മറ്റു ജില്ലാ നേതാക്കൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.