തിരുവനന്തപുരം: സ്വന്തം പാർട്ടി അണികളെ കൊലപാതകം നടത്താൻ പറഞ്ഞുവിട്ടതിന് ശേഷം സമാധാന ചർച്ച നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ആട്ടിയോടിച്ച മുഖ്യമന്ത്രിയുടെ നടപടിക്ക് പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിന് ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. കുമ്മനത്തെ തിരുത്താൻ കേന്ദ്ര നേതൃത്വം തയാറാകണം.
തന്റെ ഉപവാസത്തെ പരിഹസിച്ച കോടിയേരി ബാലകൃഷ്ണന് മറുപടിയായി ചെന്നിത്തല പ്രതികരിച്ചു. ബോംബ് നിർമ്മിക്കുന്നവർക്ക് ഉപവാസത്തിന്റെ പ്രാധാന്യം മനസിലാകില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
കെപിസിസിയുടെ പ്രാർത്ഥനാ യജ്ഞത്തിൽ കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, ഡിസിസി ഭാരവാഹികൾ ഉൾപ്പെടെ നൂറോളം കോണ്ഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. രാജ്ഭവൻ മാർച്ചും പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പ്രാർത്ഥന യോഗവും സംഘടിപ്പിക്കാനുള്ള കെപിസിസിയുടെ തീരുമാനത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് കെപിസിസി ആസ്ഥാനത്ത് പ്രാർത്ഥനായ യജ്ഞം സംഘടിപ്പിച്ചത്.