ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചാൽ കേരളത്തിൽ മദ്യമൊഴുകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെങ്ങന്നൂർ യുഡിഎഫ് ഉപതെരഞ്ഞെടുപ്പ് കണ്വെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യ ഷാപ്പുകൾ തുറക്കാനുള്ള കാലതാമസം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഒന്നുകൊണ്ട് മാത്രമാണ്.
ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചാൽ ഗ്രാമങ്ങൾ തോറും മദ്യഷാപ്പുകൾ ആരംഭിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. മെട്രോ, വിഴിഞ്ഞം, കണ്ണൂർ എയർപോർട്ട്, ഹൈവേ വികസനം എന്നിവയെല്ലാം യുഡിഎഫിന്റെ സംഭാവനയാണ്. എൽഡിഎഫിന്റെ 23 മാസക്കാലത്തെ ഭരണത്തിൽ 23 രാഷ്ട്രീയ കൊലപാതങ്ങളാണുണ്ടായത്.
സിപിഎമ്മും ബിജെപിയും ആളുകളെ കൊന്നുകൊണ്ടിരിക്കുകയാണ്. ആളുകളെ കൊല്ലുന്ന രാഷ്ട്രീയം ഇനിയും വേണോയെന്ന് ജനങ്ങൾ തീരുമാനിക്കണം. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള അവസരമാണ് ഈ ഉപതെരഞ്ഞെടുപ്പ്. ഈ സർക്കാർ കേരളത്തിലെ ഓരോ പൗരനേയും 60950 രൂപയുടെ കടക്കാരനാക്കി മാറ്റിയിരിക്കുകയാണ്.
പൊതുമേഖല സ്ഥാനപനങ്ങൾ ലാഭത്തിലാണെന്ന് പറയുന്നത് ഉൗതിപ്പെരുപ്പിച്ച കണക്കുകളാണ്. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചാൽ ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ എം.മുരളി അധ്യക്ഷത വഹിച്ചു.
കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, എൽഡിഎഫ് കണ്‍വീനർ പി.പി.തങ്കച്ചൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പാണക്കാട് സാധിക് അലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി.എം.പി, വി.എം.സുധീരൻ, എ.എ.അസീസ്, ജോണി നെല്ലൂർ, പി.സി.ചാക്കോ, കെ.സി.വേണുഗോപാൽ എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, പി.സി.വിഷ്ണുനാഥ്, സ്ഥാനാർഥി ഡി.വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.